സുരേഷ് കുമാര്‍ ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് ഭാര്യ അറിയിച്ചു
തന്റെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് 35കാരന് ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ഷഹദരയിലെ ജഗത്പുരി മേഖലയിലാണ് സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സുരേഷ് കുമാര്‍ എന്ന യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയത്. തന്റെ നാല് വയസ്സുകാരിയായ മകളെയും കൂട്ടിയായിരുന്നു ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയത്. ഇരുവരും വീഴുന്നത് കണ്ട് ഇയാളുടെ ഭാര്യയും കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി.
അയല്‍ക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. കുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചെങ്കിലും ഭാര്യ മന്‍ജീത് കൗറും മകളും പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസ് ഇവരെ ജിടിബി ആശുപത്രിയിലെത്തിച്ചെങ്കിലും കുമാര്‍ അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുട്ടിയുടെ രണ്ട് കാലുകളും ഒടിഞ്ഞിട്ടുണ്ട്. ബുധനാഴ്ച വരെയും മന്‍പ്രീത് കൗര്‍ സംസാരിക്കാനുള്ള ആരോഗ്യം വീണ്ടെടുത്തിരുന്നില്ല.
സുരേഷ് കുമാര്‍ ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് ഭാര്യ അറിയിച്ചു. വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വച്ചിരുന്ന ഇയാള്‍ക്ക് എട്ട് ലക്ഷത്തിലേറെ രൂപയുടെ കടമുണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാങ്കിന്റെ തുടര്‍ച്ചയായ വിളികളിലും മെസേജുകളിലും ഇയാള്‍ മനപ്രയാസത്തിലായിരുന്നു.
മന്‍പ്രീത് ചാടിയപ്പോള്‍ ഒരു വൈദ്യുതി കമ്പിയില്‍ തട്ടിയതിനാലാണ് നിസാര പരിക്കുകളോടെ രക്ഷപ്പെടാന്‍ കാരണമെന്ന് പോലീസ് അറിയിച്ചു. ചാട്ടത്തില്‍ വൈദ്യുതി കമ്പി പൊട്ടിപ്പോയിരുന്നു. കൗറിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇവര്‍ താമസിച്ചുവന്നിരുന്നത്.