ആളൊഴിഞ്ഞ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്
കുപ്പിയില്‍ ബാക്കിയായ മദ്യം കുടിച്ചു തീര്‍ത്തിയതിന് കൂടെത്താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തി
ഒരുമിച്ചിരുന്ന് മദ്യപിച്ചപ്പോള്‍ കുപ്പിയില്‍ ബാക്കിയായ മദ്യം കുടിച്ചുതീര്‍ത്തതിന് കൂടെത്താമസിക്കുന്ന സ്ത്രീയെ കൊലപ്പെടുത്തി. അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്പിക്കുന്ന് സ്വദേശി കുഞ്ഞുമോളെ കൊലപ്പെടുത്തിയ കുളത്തൂപ്പുഴ ഏഴംകുളം താന്നിവിള വീട്ടില്‍ ബാബു(55)വിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ആളൊഴിഞ്ഞ വീട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഈമാസം നാലിനാണ് കുഞ്ഞുമോളുടെ മൃതദേഹം ഇടമുളയ്ക്കല്‍ കൈപ്പള്ളിമുക്കിലെ ആള്‍ത്താമസമില്ലാത്ത വീടിന്റെ പിന്നിലെ വരാന്തയില്‍ നിന്നും കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി കുഞ്ഞുമോള്‍ക്കൊപ്പം താമസിച്ചുവന്നിരുന്ന ബാബുവിനെ സംഭവത്തിന് ശേഷം കാണാനില്ലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് തെളിഞ്ഞത്.
കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന്റെയും പുനലൂര്‍ ഡിവൈ എസ് പി അനില്‍ എസ് ദാസിന്റെയും നേതൃത്വത്തില്‍ രൂപവല്‍ക്കരിച്ച സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞ ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ആയൂര്‍ പാറങ്കോട് എന്ന സ്ഥലത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ചടയമംഗലം പോലീസ് അറിയിച്ചു. ഒരു ബന്ധുവീട്ടിലേക്കാണ് ഇയാള്‍ സംഭവത്തിന് ശേഷം മുങ്ങിയത്. ഇവിടെ ഒരു മലയില്‍ ഒളിവില്‍ കഴിയുന്നതിനിടെ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പിടികൂടിയത്. ഇയാള്‍ ഒരു സ്ഥിരം ക്രിമിനല്‍ അല്ലെന്നും ചടയമംഗലം പോലീസ് വ്യക്തമാക്കി.
ബാബുവും കുഞ്ഞുമോളും സ്ഥിരം ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവരാണ്. സംഭവദിവസവും ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. എന്നാല്‍ കുപ്പിയില്‍ ബാക്കിവന്ന മദ്യം കുഞ്ഞുമോള്‍ കുടിച്ചുതീര്‍ത്തതിന്റെ ദേഷ്യത്തിനാണ് കൊല നടത്തിയതെന്നും പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. മൂക്കിലും വായിലും കൂട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മൊഴി.
ചടയമംഗലം സിഐ സാജു എസ് ദാസ്, സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ ജഹാംഗീര്‍, ശ്രീകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.