UPDATES

നിശബ്ദനായ പ്രധാനമന്ത്രിയെന്ന വിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്; പക്ഷെ മാധ്യമങ്ങളെ നേരിടാന്‍ ഭയമുണ്ടായിരുന്നില്ലെന്ന് മന്‍മോഹന്‍ സിംഗ്

വാര്‍ത്താ സമ്മേളനം നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭയം ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗ് മോദിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്

നിശബ്ദനായ പ്രധാനമന്ത്രിയെന്ന വിമര്‍ശനം പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും തനിക്ക് മാധ്യമങ്ങളെ നേരിടാന്‍ ഭയമുണ്ടായിരുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തനിക്കെതിരെ മോദി ഉപയോഗിക്കാറുള്ള സൈലന്റ് പി എം എന്ന ആരോപണത്തിനായുള്ള മറുപടിയായാണ് മന്‍മോഹന്റെ ഈ കൊട്ട്.

നിശബ്ദനായ പ്രധാനമന്ത്രിയെന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടി ആ പേജുകളില്‍ (ചെയ്ഞ്ചിംഗ് ഇന്ത്യ എന്ന പുസ്തകത്തില്‍) ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും മന്‍മോഹന്‍ പറഞ്ഞു. ‘മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയക്കുന്ന പ്രധാനമന്ത്രിയായിരുന്നില്ല ഞാന്‍. ഞാന്‍ സ്ഥിരമായി മാധ്യമങ്ങളെ കാണാറുണ്ടായിരുന്നു. എല്ലാ വിദേശ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴും ഞാന്‍ വാര്‍ത്താ സമ്മേളനം നടത്താറുണ്ട്.’ അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനം നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭയം ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗ് മോദിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 2014ല്‍ അധികാരത്തിലെത്തിയതിന് ശേഷം മോദി ഒരു വാര്‍ത്താ സമ്മേളനം പോലും നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോദിയും പങ്കെടുക്കുകയും ചെയ്തു.

എല്ലാ മാധ്യമങ്ങളും തത്സമയം പ്രക്ഷേപണം ചെയ്ത വാര്‍ത്താ സമ്മേളനത്തില്‍ മോദി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കും, അധ്യക്ഷനാണ് ഞങ്ങള്‍ക്കെല്ലാം എന്ന് പറഞ്ഞ് മിണ്ടാതിരിക്കുകയാണ് അദ്ദേഹം ചെയ്തത്.

പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ഗോഡ്‌സെ പരാമര്‍ശത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് അധ്യക്ഷനാണ് തങ്ങള്‍ക്കെല്ലാമെന്നും താന്‍ അച്ചടക്കത്തോടെ കേട്ടിരിക്കാമെന്നും പ്രധാനമന്ത്രി പറയുകയും ചെയ്തു.

Read More: സ്വാതന്ത്ര്യദിനത്തില്‍ കാട്ടില്‍ കണ്ടെത്തിയ അവള്‍ക്ക് പോലീസ് സ്വതന്ത്രയെന്ന് പേരിട്ടു; ഉപേക്ഷിച്ച അമ്മ ഇപ്പോള്‍ ജയിലില്‍; സിനിമയെ വെല്ലുന്ന ഒരു ജീവിതകഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍