UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസ്റ്റ് ഷൈനയുടെ മാതാവ് നഫീസ അന്തരിച്ചു

രൂപേഷിനെയും ഷൈനയെയും പോലീസും നക്‌സല്‍ വിരുദ്ധ സേനയും നിരന്തരം വേട്ടയാടിയപ്പോള്‍ ഇവരുടെ മക്കള്‍ക്ക് താങ്ങും തണലുമായി നിന്നത് നഫീസയായിരുന്നു

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈനയുടെ മാതാവ് നഫീസ(78) അന്തരിച്ചു. വലപ്പാട് പുതിയ വീട്ടില്‍ പരേതനായ അബ്ദുള്‍സലാമിന്റെ ഭാര്യയാണ് റിട്ടയേര്‍ഡ് നഴ്‌സ് ആയ നഫീസ. രൂപേഷും ഷൈനയും ജയിലിലായിരുന്നപ്പോള്‍ അവരുടെ മക്കളെ സംരക്ഷിച്ചത് നഫീസയാണ്.

കുറച്ചുകാലമായി അസുഖബാധിതയായ നഫീസ ചേറ്റുവ ടിഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു മരണം. നഫീസയുടെ ചികിത്സയ്ക്കായാണ് ഷൈനയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഹൃദയസംബന്ധമായ തകരാറുള്ള നഫീസയ്ക്ക് എല്ല് സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ശനിയാഴ്ച ഇതിനുള്ള ശസ്ത്രക്രിയയുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് മെയ് ഒമ്പതിന് ഐസിയുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയിരുന്നെങ്കിലും ശക്തമായ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ഷൈനയുടെ ഭര്‍ത്താവും മാവോയിസ്റ്റ് നേതാവുമായ രൂപേഷിനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്. കേരളത്തിലുള്‍പ്പെടെ നാല്‍പ്പതിലേറെ കേസുകളാണ് രൂപേഷിനെതിരെയുള്ളത്. ഇവരെ പിടികൂടാനെന്ന പേരില്‍ പോലീസും നക്‌സല്‍ വിരുദ്ധ സേനയും നിരന്തരം വേട്ടയാടിയപ്പോള്‍ ഇവരുടെ മക്കള്‍ക്ക് താങ്ങും തണലുമായി നിന്നത് നഫീസയായിരുന്നു. രൂപേഷ്-ഷൈന ദമ്പതികളുടെ മകള്‍ ആമിയുടെ വിവാഹം ഇക്കഴിഞ്ഞ 18നാണ് നടന്നത്.

മറ്റുമക്കള്‍: അബ്ദുള്‍ റഷീദ്, അബ്ദുള്‍ അസീസ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 2.30ന് നാട്ടിക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍