UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ചെലപ്പോള്‍ രാജി: തോമസ് ചാണ്ടി

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തോമസ് ചാണ്ടിയ്ക്ക് എതിരായതോടെയാണ് മന്ത്രി രാജിവയ്ക്കണമെന്ന് മുന്നണിയിലെ ഘടകകക്ഷികള്‍ ശക്തമായ ആവശ്യം മുന്നോട്ട് വച്ചത്

താന്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി തോമസ് ചാണ്ടി. ഉടന്‍ രാജിയുണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ചിലപ്പോള് താന്‍ രാജിവയ്ക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനായി ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മന്ത്രിയുടെ പരിഹാസം.

തോമസ് ചാണ്ടിയുടെ രാജിക്കാര്യം തീരുമാനിക്കുന്നതിനാണ് ഇന്ന് എല്‍ഡിഎഫ് ചേരുന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ എകെജി സെന്ററിലാണ് യോഗം. എന്‍സിപി ഒഴികെയുള്ള പാര്‍ട്ടികള്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നാണ് അറിയുന്നത്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തോമസ് ചാണ്ടിയ്ക്ക് എതിരായതോടെയാണ് മന്ത്രി രാജിവയ്ക്കണമെന്ന് മുന്നണിയിലെ ഘടകകക്ഷികള്‍ ശക്തമായ ആവശ്യം മുന്നോട്ട് വച്ചത്. എന്നാല്‍ തോമസ് ചാണ്ടി രാജിവയ്ക്കുന്നതോടെ തങ്ങള്‍ക്കുള്ള മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന ആശങ്കയിലാണ് എന്‍സിപി രാജി ആവശ്യത്തെ എതിര്‍ക്കുന്നത്. എന്നാല്‍ രാജിവച്ച മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഹണീട്രാപ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെടുന്നതോടെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുമെന്നത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ചൊവ്വാഴ്ച ചേരുന്ന എന്‍സിപി യോഗത്തില്‍ രാജിക്കാര്യം തീരുമാനിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഹൈക്കോടതിയുടെ തീരുമാനം വരെയും കാത്തിരിക്കണമെന്നാണ് എന്‍സിപിയുടെ നിലപാട്.

അതേസമയം രാജിക്കാര്യം ഇനിയും വച്ച് താമസിപ്പിക്കാന്‍ എല്‍ഡിഎഫിലെ പ്രബല കക്ഷികളായ സിപിഎമ്മും സിപിഐയും തയ്യാറാകുമോയെന്ന് സംശയമാണ്. അല്‍പ്പം പോലും വിട്ടുവീഴ്ചയ്ക്ക് സിപിഐ തയ്യാറല്ല. സിപിഎമ്മും രാജിതന്നെയാണ് ആഗ്രഹിക്കുന്നത്. എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് തിരിച്ചെടുക്കണമെന്ന അഭിപ്രായവും സിപിഎമ്മിന്റെ അടിത്തട്ടില്‍ ശക്തമാണ്. നേതാക്കള്‍ക്ക് ഈ അഭിപ്രായം കണ്ടില്ലെന്ന് നടിച്ച് ഏറെ മുന്നോട്ട് പോകാനാകില്ല. കൂടാതെ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ ഈ വിഷയത്തില്‍ ഇനിയും കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്ന ആശങ്കയും ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്. ഇക്കാര്യങ്ങള്‍ എന്‍സിപിയെ ബോധ്യപ്പെടുത്തുകയെന്നതാണ് മുന്നണി യോഗത്തിലെ ഏറ്റവും വലിയ വെല്ലുവിളി.

അതേസമയം കുറ്റവിമുക്തനായെത്തിയാല്‍ എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാമെന്ന ഉറപ്പ് സിപിഎമ്മില്‍ നിന്നും ലഭിച്ചാല്‍ തോമസ് ചാണ്ടിയുടെ രാജി എന്ന ആവശ്യത്തോട് എന്‍സിപിയും അനുകൂല നിലപാട് സ്വീകരിച്ചേക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍