UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജേക്കബ് തോമസിനെ പോലെ ശ്രീറാം വെങ്കിട്ടരാമനെയും വേട്ടയാടുന്നു; കോടതിയില്‍ ശ്രീറാമിന്റെ അഭിഭാഷകന്റെ പരാതി

ശ്രീറാമിനെതിരേ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും പ്രതിഭാഗം അഭിഭാഷകന്‍

നടക്കുന്നത് മാധ്യമ-രാഷ്ട്രീയ വിചാരണയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്ക്ബ തോമസിനെ പോലെ ശ്രീറാം വെങ്കിട്ടരാമനെയും വേട്ടയാടുകയാണ്; തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട വാഹനാപകട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ ഉയര്‍ത്തിയ പരാതികളായിരുന്നു ഇത്. ബഷീറിന്റെ മരണത്തില്‍ സമൂഹത്തില്‍ നിന്നും മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനെതിരേ ആയിരുന്നു പ്രതിഭാഗത്തിന്റെ പരാതി. ഐഎഎസ് ഉദ്യോഗസ്ഥനായ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടക്കം മുതല്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതായി ആക്ഷേപം ഉയര്‍ന്നതോടെയാണ് മാധ്യമങ്ങള്‍ നിരന്തരമായി ഈ വിഷയത്തെ പിന്തുടര്‍ന്നത്. എന്നാല്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രീറാമിനെ വിചാരണയ്ക്ക് വിധേയനാക്കുന്നുവെന്നാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്.

പ്രതിഭാഗത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി ശ്രീറാമിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.ശ്രീറാമിന്റെ രക്തപരിശോധന റിപ്പോര്‍ട്ടിലും മദ്യത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടില്ല. നിര്‍ണായകമായ ഈ റിപ്പോര്‍ട്ടാണ് ജാമ്യം അനുവദിക്കുന്നതില്‍ പ്രധാനമായതും.

പ്രതിക്കെതിരേ ശക്തമായ സാക്ഷി മൊഴികള്‍ ഉണ്ടെന്നും സമൂഹത്തിന് മാതൃകയാകേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ നടത്തിയത് ഗുരുതരമായ നിയമലംഘനമാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു നോക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. തെളിവുകളുടെ അഭാവം തന്നെയാണ് പ്രോസിക്യൂഷന്‍ വാദത്തിന് തിരിച്ചടിയായതും. പൊലീസിന്റെ കേസ് ഡയറിയും പ്രതിയുടെ രക്തപരിശോധന ഫലവും പരിശോധിച്ച ശേഷമായിരുന്നു കോടതി ജാമ്യം അനുവദിക്കുന്നത്. പ്രതി മദ്യപിച്ച് വാഹനമോടിച്ചൂവെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ പോലീസിന് ആയില്ലെന്നത് ജാമ്യം കിട്ടാന്‍ സഹായകമായി. ഈ തെളിവ് തന്നെയാണ് ശ്രീറാമിന് സഹായകമാകുന്ന തരത്തില്‍ നിര്‍ണായകമായതും. ജാമ്യാപേക്ഷയില്‍ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചതും ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവുകള്‍ ഇല്ലെന്നായിരുന്നു. ഇത് കേട്ടശേഷം കോടതി പ്രോസിക്യൂഷനോട് ചോദിച്ചത് ശ്രീറാം മദ്യപിച്ചിരുന്നുവെന്നു പറയാന്‍ തെളിവ് ഉണ്ടോ എന്നായിരുന്നു. രക്തപരിശോധനയുടെ റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രതിയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ്. ഈ റിപ്പോര്‍ട്ടാണ് പൊലീസ് കോടതിക്ക് കൈമാറിയതും. രക്തപരിശോധന റിപ്പോര്‍ട്ടും കേസ് ഡയറിയും പരിശോധിച്ച ശേഷം കോടതി ശ്രീറാമിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍