UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുറ്റിപ്പുറം പുഴയില്‍ കണ്ടെത്തിയത് സൈനിക ആയുധങ്ങള്‍ തന്നെ; എങ്ങനെയെത്തിയെന്നതിന് ഇനിയും തുമ്പായില്ല

സംഭവത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി ഇതുവരെ പ്രതികരിച്ചില്ല

 

മിനി പമ്പയെന്നറിയപ്പെടുന്ന കുറ്റിപ്പുറം പാലത്തിന് താഴെ നിള നദിയില്‍ കണ്ടെത്തിയ ആയുധങ്ങളും ബോംബുകളും ഇന്ത്യന്‍ സൈന്യത്തിന്റേതെന്ന് മിലട്ടറി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം എആര്‍ ക്യാമ്പിലെത്തിയ ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച സ്ഥീരീകരണം നടത്തിയത്. മലപ്പുറം പടിഞ്ഞാറ്റുമുറി എആര്‍ ക്യാമ്പില്‍ സൂക്ഷിച്ച് ആയുധങ്ങള്‍ പൂര്‍ണമായും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

അതേസമയം, സൈന്യത്തിന്റെ വെടിയുണ്ടകളും ബോംബുകളും എങ്ങനെ കുറ്റിപ്പുറത്തെത്തിയെന്നതിന് ഇത് വരെ തുമ്പുണ്ടായിട്ടില്ല. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ജെയ്‌സണ്‍ കെ എബ്രാഹാമിന്റെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണസംഘം മഹാരാഷ്ട്രയില്‍ അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ സംസ്ഥാന പോലീസ് മേധാവി വിഷയം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.

സൈനിക ആയുധനിര്‍മ്മാണ ശാലയില്‍ സൂക്ഷിക്കേണ്ട വെടിയുണ്ടകളും ബോംബുകളും കുറ്റിപ്പുറത്ത് കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി ഇതുവരെ പ്രതികരിച്ചില്ല. ആയുധങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും ഇത്രയും ഉഗ്രശേഷിയുളള ബോംബുകള്‍ നഷ്ടപ്പെട്ടത് എങ്ങനെയെന്ന് കണ്ടെത്താനും ഇതുവരെ സാധിച്ചില്ല.

ആയുധങ്ങള്‍ ആദ്യം കണ്ട വെട്രിവേലിനെ ഇതുവരെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന് ചില കോണുകളില്‍ നിന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നിരുന്നാലും എങ്ങനെ ആയുധങ്ങള്‍ ചന്ദ്രപൂരിലെ ആയുധപുരയില്‍ നിന്നും പുറത്തെത്തിയെന്നതിനെക്കുറിച്ച് യാതൊരു തുമ്പ് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മലപ്പുറം എആര്‍ ക്യമ്പില്‍ എത്തിയ മിലിറ്ററി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഒരു വ്യക്തതയും പങ്കുവെച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍