ബസ്, ട്രക്ക് വില്‍പ്പനയില്‍ ഇടിവുണ്ടാകുന്നതെങ്ങനെയാണെന്ന് നിര്‍മ്മല സീതാരാമന് തെളിയിക്കാനാകുമോയെന്ന് കോണ്‍ഗ്രസ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാര്‍ യാത്രക്കായി ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. വാഹന വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇരുചക്ര, കാര്‍ വിപണികളില്‍ രണ്ടക്ക സംഖ്യയിലേക്ക് വില്‍പ്പന ശതമാനം ഇടിയുകയും അശോക് ലെയ്‌ലാന്‍ഡിന്റെ ട്രക്ക് ഉല്‍പ്പാദകര്‍ക്ക് ട്രക്കുകളുടെ വിപണി 70 ശതമാനം ഇടിയുകയും ചെയ്തതിനേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.
ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. വാഹനങ്ങളുടെ മാസതവണ അടയ്ക്കുന്നതിനേക്കാള്‍ ചെറുപ്പക്കാര്‍ക്ക് താല്‍പര്യം ഊബറോ ഓലയോ വിളിക്കുന്നതാണ്- അവര്‍ ആരോപിക്കുന്നു. വാഹനവിപണിയുടെ ഇടിവ് പല മേഖലകളിലും ബാധിച്ചു. ജൂണ്‍ മുതല്‍ വാഹന രജിസ്‌ട്രേഷനില്‍ നിന്നുള്ള വരുമാനത്തിലും വന്‍ കുറവാണുള്ളത്. ഡല്‍ഹിയിലെ മാത്രമല്ല, രാജ്യമെമ്പാടുമുള്ള പലയിടങ്ങളിലെയും സാമ്പത്തിക മേഖലകളില്‍ സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നൂറ് ദിന ആഘോഷത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
അതേസമയം യുവാക്കളുടെ ഈ സ്വഭാവം മൂലം ബസ്, ട്രക്ക് വില്‍പ്പനയില്‍ ഇടിവുണ്ടാകുന്നതെങ്ങനെയാണെന്ന് നിര്‍മ്മല സീതാരാമന് തെളിയിക്കാനാകുമോയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. മൂന്ന് കോടിയിലേറെ പേര്‍ ജോലി ചെയ്യുന്ന വാഹന നിര്‍മ്മാണ മേഖലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന് മാത്രം 20 ശതമാനം വില്‍പ്പന നഷ്ടമായി. മാരുതി സുസുക്കിയ്ക്ക് 34 ശതമാനം വില്‍പ്പനയാണ് ഈ കാലഘട്ടത്തിലുണ്ടായത്. അശോക് ലെയ്‌ലാന്‍ഡിന് 70 ശതമാനവും എംആന്‍ഡ്എമ്മിന് 15 ശതമാനവും വില്‍പ്പനക്കുറവുണ്ടായി.
വില്‍പ്പന വര്‍ധിപ്പിക്കാനായി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ മാസം എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും പഴയ വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കണമെന്ന വാഹന നിര്‍മ്മാതാക്കളുടെ ആവശ്യത്തോട് പ്രതികരിക്കാന്‍ ഇന്ന് അവര്‍ തയ്യാറായില്ല. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചാല്‍ വാഹന വിപണിയില്‍ പുരോഗതിയുണ്ടാകുമെന്ന വിശ്വാസത്തിലാണ് അവര്‍.