UPDATES

കാത്തിരിപ്പുകള്‍ക്ക് വിരാമം: ഒടുവില്‍ തോമസ് ചാണ്ടി രാജിവച്ചു

പ്രഖ്യാപനം മന്ത്രിസഭാ യോഗത്തിനും എന്‍സിപി കേന്ദ്രനേതൃത്വവുമായുള്ള കൂടിയാലോചനയ്ക്കും ശേഷം

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനും അതിന് ശേഷം ചേര്‍ന്ന എന്‍സിപി കേന്ദ്രയോഗത്തിനും ശേഷമാണ് തീരുമാനം. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്ററാണ് തോമസ് ചാണ്ടിയുടെ രാജി പ്രഖ്യാപിച്ചത്. ചാണ്ടിയുടെ രാജിക്കത്ത് താന്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിളിച്ചു ചേര്‍ക്കുന്ന പത്രസമ്മേളനത്തില്‍ വിശദമാക്കുമെന്നാണ് പീതാംബരന്‍ മാറ്റര്‍ അറിയിച്ചത്.

മന്ത്രിസഭാ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ മന്ത്രിമാര്‍ ആരും ഇതേക്കുറിച്ച് അഭിപ്രായ പ്രകടനമൊന്നും നടത്തിയില്ലെങ്കിലും രണ്ട് മണിക്കൂറിനുള്ളില്‍ താന്‍ ഇവിടെ തന്നെ മടങ്ങിയെത്തുമെന്ന് തോമസ് ചാണ്ടി പറഞ്ഞതില്‍ നിന്നുതന്നെ രാജിക്കാര്യം വ്യക്തമായിരുന്നു. എന്നാല്‍ തോമസ് ചാണ്ടി പിന്നീട് സെക്രട്ടേറിയറ്റിലേക്ക് മടങ്ങിയെത്തിയില്ല. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രി ജി സുധാകരനും രാജിയല്ലാതെ മറ്റ് വഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐയിലെ നാല് മന്ത്രിമാരും വിട്ടുനിന്നു. ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും തോമസ് ചാണ്ടി മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്. യോഗത്തിന് മുന്നോടിയായി തോമസ് ചാണ്ടി മാധ്യമങ്ങളോട് രാജിയുണ്ടാകില്ല എന്ന സൂചനയാണ് നല്‍കിയത്. ഇന്ന് വരാനിരിക്കുന്ന ഹൈക്കോടതി വിധി തനിക്ക് അനുകൂലമാകുമെന്നും അദ്ദേഹം ഉറപ്പു പറഞ്ഞു. ഇതില്‍ പ്രകോപിതരായാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ നിന്നും മാറി നിന്നത്. രാജിയില്ലെന്ന തോമസ് ചാണ്ടിയുടെ ആവര്‍ത്തനം മുഖ്യമന്ത്രിയുടെ സംരക്ഷണത്തിന്റെ ഉറപ്പിലാണെന്നും മുഖ്യമന്ത്രി കൃത്യമായ നിലപാടെടുക്കാത്തത് ആണ് ഇതിലെ പ്രശ്‌നമെന്നും വ്യക്തമാക്കുന്നതാണ് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം. അതേസമയം തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭാ യോഗം തീരുമാനിച്ചില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ എല്ലാവരും രാജി സ്ഥിരീകരണം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പകരം എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം വരെ രാജി നീട്ടി നല്‍കുന്നുവെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. കൂടാതെ സിപിഐ മന്ത്രിമാരുടെ വിട്ടുനില്‍ക്കല്‍ അസാധാരാണ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

കായല്‍ കയ്യേറ്റ കേസില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കുറ്റക്കാരനാണെന്നാണ് പറഞ്ഞിരുന്നത്. ഇതിനെതിരെ ചാണ്ടി കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ഒരു മന്ത്രി തന്നെ സര്‍ക്കാരിനെതിരെ പരാതി നല്‍കിയതിന്റെ ഔചിത്യമാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. തോമസ് ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി മന്ത്രിക്ക് അയോഗ്യത കല്‍പ്പിക്കാന്‍ ഈ പരാതി മാത്രം മതിയെന്നും വ്യക്തമാക്കിയിരുന്നു.

മന്ത്രി തോമസ് ചാണ്ടി വീണ്ടും കുവൈറ്റ് ചാണ്ടിയാകുമോ? വളര്‍ച്ചയുടെ ചാണ്ടി സ്റ്റൈല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍