നേരത്തെ നര്‍കോട്ടിക്സ് വിഭാഗം സീനിയര്‍ സിപിഒ നെല്‍സണ്‍ നേരത്തെ അറസ്റ്റിലായിരുന്നു
ആലപ്പുഴയില്‍ 16 കാരിയെ പീഡിപ്പിച്ച കേസില്‍ എസ് ഐ അറസ്റ്റില്‍. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ് ഐ ലൈജുവാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം രണ്ടായി. കേസില്‍ കൂടുതല്‍ പോലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയുമായി ബന്ധമുണ്ടന്ന് സംശയിക്കുന്ന എട്ടു പേരുടെ മൊഴിയെടുത്തിരുന്നു. കേസില്‍ നേരത്തെ നര്‍കോട്ടിക്സ് വിഭാഗം സീനിയര്‍ സിപിഒ നെല്‍സണ്‍ അറസ്റ്റിലായിരുന്നു.
കേസില്‍ പിടിയിലായ ഇടനിലക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പോലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒട്ടേറെ പോലീസുകാര്‍ ശരീരികമായി ചൂഷണം ചെയ്തുവെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്വേക അന്വേഷണ സംഘം രൂപീകരിച്ചത്. പെണ്‍കുട്ടി ശാരീരീകമായി ആക്രമിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി നെല്സന്, ഒന്നാം പ്രതി ആതിര എന്നിവരെ റിമാന്‍ഡ് ചെയ്തിരുന്നു.
പെണ്‍കുട്ടിയെ ഇടനിലക്കാരി വീട്ടില്‍ നിന്നും കടത്തുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് ആലപ്പുഴ എസ്പി എസ് .സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പീഡനത്തിരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം കൗണ്‍സിലിംഗിനും വിധേയമാക്കും. ഒന്നാം പ്രതിയുടെ മകളെ നോക്കാനെന്നോണം പെണ്‍കുട്ടിയെ പലപ്പോഴും പ്രതിയുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നതായും പല ദിവസങ്ങളിലും പ്രതി പുറത്തുപോകുമ്പോഴും മറ്റും പെണ്‍കുട്ടിയെ കൂടെ കൂട്ടാറുള്ളതായും കുട്ടിയെ വിവിധ ലോഡ്ജുകളില്‍ എത്തിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും കേസില്‍ പ്രതിയായ ആതിരയുടെ 5 വയസ്സുള്ള പെണ്‍കുട്ടിയെയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.