UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദിയും സി ജിന്‍പിംഗും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ച ഈയാഴ്ച

2014ല്‍ അധികാരമേറ്റെടുത്ത ശേഷം മോദി നടത്തുന്ന നാലാമത് ചൈനീസ് സന്ദര്‍ശനമാണ് ഇത്‌

ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും ഈ ആഴ്ച അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും. ചൈനയുടെ ഹുബേയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ ഏപ്രില്‍ 27, 28 തിയതികളിലായിരിക്കും കൂടിക്കാഴ്ചയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ വാങ് യിയും ബെയ്ജിംഗില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള ഈ കൂടിക്കാഴ്ച ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ നിര്‍ണായകമാകും. ഷംങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഞായറാഴ്ച സംഘടിപ്പിച്ച വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെയാണ് സുഷമയും വാങ് യിയും കൂടിക്കാഴ്ച നടത്തിയത്.

രാഷ്ട്രത്തലവന്മാരുടെ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ചൈനയാണ് മുന്‍കൈയെടുത്തതെന്നും നയതന്ത്ര വിഷയങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യ അതിന് സമയമെടുക്കുകയായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഷംങ്ഹായി കോഓപ്പേഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോദി ജൂണില്‍ ചൈനയില്‍ പോകാനിരിക്കെയാണ് അനൗദ്യോഗികമായ ഈ കൂടിക്കാഴ്ച. അതേസമയം തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ 2017ലെ കൂടിക്കാഴ്ചയുടെ ആവര്‍ത്തനമായി ഈ കൂടിക്കാഴ്ചയും മാറണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നില്ല.

2014ല്‍ അധികാരമേറ്റെടുത്ത ശേഷം മോദി നടത്തുന്ന നാലാമത് ചൈനീസ് സന്ദര്‍ശനവും രണ്ടാമത്തെ ഉഭയകക്ഷി ചര്‍ച്ചയുമാണ് ഈ അനൗദ്യോഗിക കൂടിക്കാഴ്ച. 2015ല്‍ ഹാംഷൂ സന്ദര്‍ശിച്ചപ്പോഴാണ് മോദി ചൈനയുമായുള്ള തന്റെ ആദ്യ ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. പിന്നീട് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 2016ലും ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ വര്‍ഷവും മോദി ചൈന സന്ദര്‍ശിച്ചു.

ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ ശ്രമം ആരംഭിച്ച് രണ്ട് മാസങ്ങള്‍ക്കിപ്പുറമാണ് അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയിരിക്കുന്നത്. ഫെബ്രുവരി 22ന് കേന്ദ്രസര്‍ക്കാര്‍ മുതില്‍ നേതാക്കളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ദലൈ ലാമയുടെ നാടുകടത്തലിന്റെ അറുപതാം വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വളരെ സെന്‍സിറ്റീവ് ആയ സമയമാണ് ഇതെന്നായിരുന്നു നിര്‍ദ്ദേശത്തില്‍ അപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നത്.

അടുത്തകാലത്ത് സ്റ്റേറ്റ് കൗണ്‍സിലറായി സ്ഥാനക്കയറ്റം ലഭിച്ച വാങ് ആണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അത്യപൂര്‍വമായ അനൗദ്യോഗിക കൂടിക്കാഴ്ചയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യ-ചൈന ബന്ധത്തില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ കൂടിക്കാഴ്ചയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍