UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയര്‍ഹോസ്റ്റസിനെ അപമാനിച്ച 62കാരന് ആകാശ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയേക്കും

വിസ്താര എയര്‍ലൈനില്‍ ആയിരുന്നു സംഭവം

എയര്‍ഹോസ്റ്റസിനെ അപമാനിച്ച യാത്രക്കാരന് ആകാശ യാത്രക്ക് വിലക്ക് നേരിടേണ്ടി വരുമെന്ന് സൂചന. 62 കാരനായ പൂനെ സ്വദേശിയാണ് കഴിഞ്ഞ ശനിയാഴ്ച ‘വിസ്താര’ എയര്‍ലൈന്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്.

കേന്ദ്ര വ്യോമയാന മന്ത്രാലയം ആറു മാസം മുമ്പിറക്കിയ ഉത്തരവ് പ്രകാരം നിയമലംഘകരായ വിമാന യാത്രികരെ ‘No- fly’ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി യാത്രവിലക്ക് നല്‍കാം. എയര്‍ഹോസ്റ്റസ് നല്‍കിയ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യം തെളിഞ്ഞാല്‍ ഇത്തരത്തില്‍ ആകാശയാത്രക്ക് വിലക്ക് വീഴുന്ന ആദ്യ വ്യക്തിയാകും ഇയാള്‍.

ജില്ലാ പോലീസ് മേധാവി സഞ്ജയ് ഭാട്യ പറയുന്നതനുസരിച്ച്, മാര്‍ച്ച് 24 ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെത്തിയ ലക്‌നൗ-ഡല്‍ഹി വിമാനത്തില്‍ വെച്ചാണ് സംഭവം. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങവെ യാത്രക്കാരന്‍ എയര്‍ഹോസറ്റസ്സിനെ അപമര്യാദയായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. താഴെ ഇറങ്ങുന്നതിനു മുമ്പ് തന്നെ തുടങ്ങിയതാണ് ഇത്തരം പെരുമാറ്റങ്ങള്‍. അവര്‍ ഉടനെ തന്നെ മേലുദ്യോഗസ്ഥരെ അറിയിച്ച് പരാതി നല്‍കി. ആ ദിവസം തന്നെ കേസെടുത്ത് എഫ്.ഐ.ആറും ഇട്ടതായി സഞ്ജയ് ഭാട്യ പറഞ്ഞു.

No fly ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മൂന്ന് മാസം മുതല്‍ ആജീവനാന്ത കാലം വരെ യാത്രാവിലക്ക് ലഭിച്ചേക്കാം. ഇന്ത്യന്‍ ശിക്ഷാ നിയമം 354A പ്രകാരം ലൈംഗിക അതിക്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

കഴിഞ്ഞ വര്‍ഷം ശിവ സേനയുടെ എം.പി രവീന്ദ്ര ഗയ്ക്ക്വദിനും തെലുങ്കു ദേശം പാര്‍ട്ടി എം.പി. ദിവാകര റെഡിക്കും നേരെ എയര്‍ ഇന്ത്യ ജീവനക്കാരിയെ അപമാനിച്ചതിനും ഇന്‍ഡിഗോ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയതിനും പരാതി ഉയര്‍ന്നിരുന്നു. അന്ന് No-fly ലിസ്റ്റ് പ്രാബല്യത്തില്‍ വന്നിരുന്നില്ല. എങ്കിലും എല്ലാ എയര്‍ലൈനുകളും ചെറിയ കാലത്തേക്ക് ഇവരെ അകറ്റിനിര്‍ത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍