UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 9.30 കോടി അനുവദിച്ചു

കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിക്കായിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആദ്യഘട്ടമായി 9.35 കോടി രൂപ ധനസഹായം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിക്കായിട്ടാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള പ്രതിമാസ ധനസഹായത്തിന് 4.7 കോടി രൂപ, എന്‍ഡോസള്‍ഫാന്‍ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ധനസഹായമായി 18.79 ലക്ഷം, 2019 ഒക്ടോബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള സ്‌പെഷ്യല്‍ ആശ്വാസകിരണം പദ്ധതിയ്ക്കായി 33.68 ലക്ഷം, 2019 ജൂലൈ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള പുതിയ ഗുണഭോക്താക്കള്‍ക്കായുള്ള സ്‌നേഹസാന്ത്വനം പദ്ധതിയ്ക്കായി 89.98 ലക്ഷം, 2019 ജൂലൈ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള പുതിയ ഗുണഭോക്താക്കള്‍ക്കായുള്ള സ്‌പെഷ്യല്‍ ആശ്വാസ കിരണം പദ്ധതിയ്ക്ക് 6.3 ലക്ഷം, പെരിയ മഹാത്മ മോഡല്‍ സ്‌കൂളും മറ്റ് 9 ബഡ് സ്‌കൂളുകളും അപ്‌ഗ്രേഡ് ചെയ്യുന്നതിന് 17 ലക്ഷം, മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചത്. ഈ പദ്ധതികള്‍ക്കായി ഈ വര്‍ഷം 10 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.

2017ല്‍ നടത്തിയ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ അര്‍ഹരായ 279 ദുരിതബാധിതര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പൂര്‍ണമായും കിടപ്പിലായവര്‍ (28), ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ (21) എന്നിവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ശാരീരിക വൈകല്യമുള്ളവര്‍ (34), ക്യാന്‍സര്‍ രോഗികള്‍ (196) എന്നിവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവുമാണ് ധനസഹായം ലഭിക്കുക.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് സ്‌നേഹ സാന്ത്വനം. ദീര്‍ഘകാല ചികിത്സ ആവശ്യമുളളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരുമായവരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1,700 രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2,200 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1,200 രൂപ വീതവും പ്രതിമാസ ധനസഹായം നല്‍കുന്നതാണ്  പദ്ധതി.

ബഡ്‌സ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപയും ഒന്നു മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 2,000 രൂപയും 8 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 3,000 രൂപയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 4,000 രൂപയും വീതമാണ് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4,39,41,274 രൂപ കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് അനുവദിച്ചിരുന്നു. 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുകയാണ് കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ചത്.

കാശ്മീർ: ബില്ല് കീറിയെറിഞ്ഞ ടിഎൻ പ്രതാപനും, ഹൈബി ഈഡനും സ്പീക്കറുടെ ശാസന, രമ്യ ഹരിദാസ് പ്രതിഷേധിച്ചത് പാട്ടുപാടിക്കൊണ്ട്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍