UPDATES

കല്ലട ബസിലെ ആക്രമണം: കര്‍ശന നടപടിയുമായി ഗതാഗത വകുപ്പ്; കള്ളക്കടത്ത് തടയുന്നതിനും നീക്കം

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്‌ക്വാഡുകളെ എല്ലാ ആര്‍ടി ഓഫീസുകളിലും നിയമിക്കാന്‍ ഗതാഗത കമ്മിഷണര്‍ ഉത്തരവിട്ടു

കല്ലട ബസിലെ ആക്രമണത്തില്‍ എല്ലാ പ്രതികളും പിടിയിലായി. കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. ബസ് ഉടമയായ സുരേഷ് കല്ലട ഹാജരായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ എറണാകുളം സബ്ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ അന്തര്‍ സംസ്ഥാന ബസുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്‌ക്വാഡുകളെ എല്ലാ ആര്‍ടി ഓഫീസുകളിലും നിയമിക്കാന്‍ ഗതാഗത കമ്മിഷണര്‍ ഉത്തരവിട്ടു. മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ നീക്കം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാന്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടി ഓഫീസിലും പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിക്കും.

24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഈ സ്‌ക്വാഡിനെ അതാത് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ നയിക്കും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത വിധത്തില്‍ മിന്നല്‍ പരിശോധനകള്‍ നടത്താനാണ് നിര്‍ദ്ദേശം. ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ലൈസന്‍സ് ഇല്ലാത്ത അല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കും.

ഇതിനിടെ യാത്രക്കാരുടെ ലഗേജിനൊപ്പം കള്ളക്കടത്തും നടക്കുന്നുണ്ടെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണങ്ങള്‍ നടക്കും. പരിശോധനയ്ക്ക് പോലീസിന്റെ സഹായം തേടാമെന്നും ഗതാഗത കമ്മിഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍