UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ് ചര്‍ച്ചയ്ക്കിടയില്‍ പങ്കെടുക്കാതെ വിവാഹത്തിന് പോയി: കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി ലീഗ്

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്

പാര്‍ലമെന്റില്‍ മുത്തലാഖ് ബില്‍ അവതരിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാതെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ പി കെ കുഞ്ഞാലിക്കുട്ടി എംപിയോട് മുസ്ലിം ലീഗ് വിശദീകരണം തേടി. മുത്തലാഖ് ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം വിശദമാക്കണമെന്നാണ് പാണക്കാട് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായതിനാലാണ് വിശദീകരണം തേടിയതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

സംഭവത്തില്‍ ഇന്നലെ പി കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി രംഗത്തെത്തിയിരുന്നു. ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അപ്രതീക്ഷിതമായി തീരുമാനിച്ചപ്പോള്‍ മുസ്ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് താനും മുഹമ്മദ് ബഷീറും ആലോചിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാല്‍ പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും പല അത്യാവശ്യങ്ങളുമുണ്ടായിരുന്നതിനാല്‍ വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം.

അപ്രതീക്ഷിത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ പതിനൊന്ന് പേര്‍ മാത്രമുണ്ടായത്. പൂര്‍ണമായ നിലയ്ക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതെന്നും കുഞ്ഞാലിക്കുട്ടി അന്ന് പ്രതികരിച്ചു. ഏറെ തര്‍ക്കങ്ങളും വിവാദങ്ങള്‍ക്കുമൊടുവില്‍ 27ന് രണ്ടാം തവണയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയായിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചപ്പോള്‍ ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രനും എഐഎംഐഎം നേതാവ് ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

കുഞ്ഞാലിക്കുട്ടി വോട്ടെടുപ്പും ചര്‍ച്ചയും നടന്നപ്പോള്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നതുമില്ല. പാര്‍ലമെന്റിലെത്താതെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍