പാലായില്‍ ഇന്ന് മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഉത്രാടപ്പാച്ചിലിലായിരുന്നു
ജയിച്ചാല്‍ അത് തനിക്ക് ഓണം ബംബറെന്ന് പാലാ ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍ ഹരി. ഏഷ്യാനെറ്റ് ന്യൂസിന്റെ പാലാ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രത്യേക പരിപാടിയായ പാലാ പോരിലാണ് ഹരി ഇക്കാര്യം സമ്മതിച്ചത്.
പാലായില്‍ ഇന്ന് മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഉത്രാടപ്പാച്ചിലിലായിരുന്നു. കെഎം മാണി ജനപ്രതിനിധിയായിരുന്ന കഴിഞ്ഞ 54 വര്‍ഷക്കാലം മണ്ഡലത്തിലുണ്ടായ വികസനങ്ങളെക്കുറിച്ച് പറഞ്ഞാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വോട്ട് തേടുന്നത്. അതേസമയം ഇക്കാലമത്രയും ജനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സാധ്യമാകാത്ത കുടിവെള്ള പ്രശ്‌നം പോലുള്ളവ ചൂണ്ടിക്കാട്ടി മറ്റ് സ്ഥാനാര്‍ത്ഥികളും വോട്ട് തേടുന്നു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി കെ എം മാണിയുടെ ഭൂരിപക്ഷം കുത്തനെ ഇടിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. മാണിയില്ലാത്ത ഈ തെരഞ്ഞെടുപ്പില്‍ വിജയം തനിക്ക് തന്നെയായിരിക്കുമെന്ന് മാണി സി കാപ്പന്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ കെ എം മാണിയുടെ ചിത്രം മാത്രം മതി വോട്ട് പെട്ടിയില്‍ വീഴാനെന്നാണ് ജോസ് ടോമിന്റെ വിശ്വാസം. രണ്ടില ചിഹ്നം ലഭിക്കാതെ പോയപ്പോഴേ അദ്ദേഹം പറഞ്ഞത് ഇതാണ്.
മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും വിജയത്തില്‍ ഉറപ്പു പറയുമ്പോഴാണ് എന്‍ ഹരി താന്‍ ജയിച്ചാല്‍ അത് ഓണം ബംബറാകുമെന്ന് പ്രതികരിച്ചത്. ഹരിയും പാലായില്‍ വോട്ട് തേടുന്നത് വികസനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ്. ഒരവസരം തനിക്ക് ലഭിച്ചാല്‍ പാലായെ യഥാര്‍ത്ഥ വികസനത്തിലെത്തിക്കുമെന്ന് ഹരി പറയുന്നു.
also read:യുഡിഎഫിന് ആശ്വാസം; പാലായില്‍ ജോസ് ടോമിന് വേണ്ടി പ്രചരണത്തിന് തയ്യാറെന്ന് ജോസഫ്