UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രണയ വിവാഹം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ നവവരന്റെ മൃതദേഹം ലഭിച്ചു

പോലീസ് അന്വേഷണം ആരംഭിക്കാന്‍ വൈകിയെന്ന് ആരോപണം

പ്രണയ വിവാഹത്തിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ടില്‍ കെവിന്‍ പി ജോസഫിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്നും ഇന്നലെ പുലര്‍ച്ചെയാണ് കെവിനെ ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെ തട്ടിക്കൊണ്ട് പോയത്. തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെ മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്നാണ് നിഗമനം.

വധു കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ നീനു ചാക്കോയുടെ(20) പരാതി പ്രകാരം ഗാന്ധിനഗര്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം ഡിവൈഎസ്പി ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം ഇന്നലെ രാവിലെ തന്നെ പരാതിയുമായി സമീപിച്ച നീനുവിന്റെ പരാതി ഗാന്ധിനഗര്‍ എസ്‌ഐ പരിഗണിച്ചില്ലെന്നും ഇന്നലെ കോട്ടയത്തുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പോയതിന് ശേഷം അന്വേഷിക്കാമെന്ന് പറഞ്ഞതായും ആരോപണമുണ്ട്. ഗുണ്ടകള്‍ മാന്നാനത്ത് എത്തിയ കാറുകളിലൊന്ന് ഇന്നലെ തന്നെ തെന്മല പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കെവിനെയും ബന്ധുവായ മാന്നാനം കളമ്പാട്ടുചിറ അനീഷിനെയുമാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ചവശനാക്കിയ ശേഷം അനീഷിനെ വഴിയില്‍ ഉപേക്ഷിച്ച സംഘം കെവിനുമായി കടക്കുകയായിരുന്നു. കെവിന്‍ പത്തനാപുരത്ത് വച്ച് കാറില്‍ നിന്നും ചാടി രക്ഷപ്പെട്ടെന്നാണ് അക്രമി സംഘം ആദ്യം പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്ന് ബന്ധുക്കളും നാട്ടുകാരും പോലീസിനെ അറിയിച്ചു.

നീനുവും കെവിനും തമ്മില്‍ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഇരുവരുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ കെവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് നീനു അറിയിച്ചതോടെ പ്രകോപിതരായ ബന്ധുക്കള്‍ പോലീസിന്റെ മുന്നില്‍ വച്ച് മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങുകയായിരുന്നു.

ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് കെവിന്‍ രഹസ്യമായി മാറ്റുകയും ചെയ്തു. കെവിന്‍ അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലേക്ക് മാറുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ മൂന്ന് കാറുകളിലായെത്തിയ പത്തംഗ സംഘം വീട് ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. ഗുരുതരമായ പരിക്കുകളോടെ ഇയാള്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ദുരഭിമാന കൊല, ആള്‍ക്കൂട്ട കൊല, ഖാപ് പഞ്ചായത്തുകള്‍; കേരളം മറ്റൊന്നല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍