UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീലങ്കന്‍ സ്‌ഫോടനം: എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഫീഖ് ജമാഅത്ത് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്

കുഭകോണം, കാരയ്ക്കല്‍, രാമനാഥപുരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിവസമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് എന്‍ഐഎയുടെ അന്വേഷണം ശക്തമാകുന്നു. തൗഫീഖ് ജമാഅത്തിന്റെയും എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഓഫീസുകളില്‍ എന്‍ഐഎ പരിശോധന നടത്തി.

കേരളത്തില്‍ ഐഎസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് റെയ്ഡ്. കുഭകോണം, കാരയ്ക്കല്‍, രാമനാഥപുരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കേരളത്തില്‍ നിന്നുള്ള എന്‍ഐഎ സംഘവും പരിശോധനയില്‍ പങ്കെടുത്തു. ഡിഎംകെ നേതാവ് രാമലിംഗം കൊല്ലപ്പെട്ട സംഭവത്തില്‍ തൗഫീഖ് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം.

ശ്രീലങ്കയിലെ കൂട്ടക്കുരുതിയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍ നിന്നാണ് തമിഴ്‌നാട് ബന്ധത്തിന്റെ സൂചന എന്‍ഐഎയ്ക്ക് ലഭിച്ചത്. റിയാസിന് കാസറഗോഡ് കേന്ദ്രീകരിച്ച് 2016 ജൂലൈയില്‍ നടന്ന ഇസ്ലാമിക് സ്‌റ്റേറ്റ് റിക്രൂട്ട്‌മെന്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്ന് ഐഎസില്‍ ചേരാന്‍ കാസര്‍ഗോഡ് നിന്നും കാസറഗോഡ് നിന്നും 14 പേര്‍ അഫ്ഗാനിസ്ഥാനിലേക്കും ഒരാള്‍ സിറിയയിലേക്കും കടന്നിരുന്നു.

കേരളത്തില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ റിയാസ് ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് എന്‍ഐഎ പിടികൂടുന്നത്. വിനോദസഞ്ചാരികള്‍ അധികമായെത്തുന്ന കൊച്ചിയില്‍ ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി. എന്നാല്‍ ഒപ്പമുള്ളവര്‍ പിന്തുണച്ചില്ല. എങ്കിലും സ്‌ഫോടനത്തിന് വേണ്ട തയ്യാറെടുപ്പുകളെല്ലാം താന്‍ നടത്തിയിരുന്നുവെന്നാണ് ഇയാള്‍ എന്‍ഐഎയ്ക്ക് നല്‍കിയ മൊഴി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍