UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ തേടുന്ന നീരവ് മോദി ന്യുയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍!

ഇന്ത്യയില്‍ നീരവിനെതിരേ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 11,400 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി ന്യുയോര്‍ക്കില്‍ ഉണ്ടെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന നീരവ് ന്യുയോര്‍ക്കിലെ മാന്‍ഹട്ടിനിലുള്ള ജെ ഡബ്ല്യു മാരിയോട്ടിലെ എസെക്‌സ് ഹൗസിലെ ആഢംബര സ്യൂട്ടില്‍ ഉണ്ടെന്നാണ് പറയുന്നത്. നീരവിന്റെ തന്നെ മാഡിസണ്‍ അവന്യുവിലുള്ള ജ്വല്ലറ്റി റീട്ടെയില്‍ സ്റ്റോറില്‍ നിന്നും വളരെ അടുത്താണ് ജെ ഡബ്ല്യു മാരിയോട്ട്.

ഭാര്യയോടും മക്കളോടും ഒപ്പമാണ് നീരവ് ഇവിടെ ഉള്ളതെന്നും, 36 ആമത്തെ നിലയിലുള്ള സ്യൂട്ടില്‍ നീരവിനെ കാണാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കിലും നീരവും ഭാര്യയും പുറത്തു പോയിരിക്കുകയാണെന്നും കുട്ടികള്‍ മാത്രമാണ് ഉള്ളതെന്നുമാണ് ജീവനക്കാരില്‍ നിന്നും മറുപടി കിട്ടിയതെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നീരവ് മോദിയുടെ തട്ടിപ്പ് ഇന്ത്യയില്‍ മാത്രമാണ് വാര്‍ത്തയെന്നും അയാള്‍ അമേരിക്കയില്‍ സുരക്ഷിതനാണെന്ന തരത്തില്‍ ചിലകേന്ദ്രങ്ങളില്‍ നിന്നും തങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞതായും എന്‍ഡിടിവി പറയുന്നു.

നീരവിന്റെ തട്ടിപ്പിനെ കുറിച്ച് ഇന്ത്യയില്‍ വാര്‍ത്ത പരന്ന ബുധനാാഴ്ച രാത്രി നീരവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ചില ആളുകള്‍ വന്നുപോയിരുന്നുവെന്നും 48 കാരനായ നീരവ് പതിവില്ലാത്തവിധം നിശബ്ദനായാണ് കാണപ്പെട്ടിരുന്നതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതായി എന്‍ഡിടിവി പറയുന്നു. ആ ദിവസം പലതവണയായി നീരവിന്റെ ഭാര്യ ആമി മോദി ഹോട്ടലില്‍ നിന്നും പുറത്തേക്കു പോവുകയും തിരിച്ചു വരുകയുമുണ്ടായിട്ടുണ്ടെന്നും ജീവനക്കാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

നീരവ് മോദി നരേന്ദ്ര മോദിക്കൊപ്പം; ബാങ്ക് കൊള്ളയില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ജനുവരി ഒന്നിനാണ് നീരവ് മോദി ഇന്ത്യ വിടുന്നത്. ബല്‍ജിയം പൗരത്വമുള്ള സഹോദരന്‍ നിഷാലിനൊപ്പമായിരുന്നു മോദി കടന്നത്. ജനുവരി ആറിനാണ് അമേരിക്കന്‍ പൗരയായ ആമി മോദി ഇന്ത്യ വിടുന്നത്, നീരവിന്റെ അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്‌സിയും ഒപ്പമുണ്ടായിരുന്നു.

അതേസമയം നീരവ് മോദിക്ക് ബാങ്കിനെ കബളിപ്പിക്കാന്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ തന്നെ പൂര്‍ണസഹായം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് പഞ്ചാബ് നാഷണല്‍ ബങ്ക് അധികൃതര്‍ സമ്മതിക്കുന്നത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയായിരിക്കും ഉണ്ടാവുകയെന്നും ബാങ്ക് വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍