നിഷയ്ക്ക് ജയസാധ്യതയില്ലെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കില്ലെന്നും പിജെ ജോസഫ്
പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകള്‍ കുറയുന്നു. സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് മറ്റ് പേരുകളും പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
നിഷയ്ക്ക് ജയസാധ്യതയില്ലെന്ന് പി ജെ ജോസഫ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കില്ലെന്നും പിജെ ജോസഫ് അറിയിച്ചു. ഏതൊക്കെ പേരുകളാണ് ജോസ് കെ മാണി നല്‍കിയതെന്ന് അറിയില്ലെന്നും പിജെ ജോസഫ്. അതേസമയം സ്ഥാനാര്‍ത്ഥിയെ ആറ് മണിക്ക് പ്രഖ്യാപിക്കുമെന്നാണ് ജോസ് കെ മാണി നേരത്തെ അറിയിച്ചിരുന്നത്. യുഡിഎഫ് സംസ്ഥാന നേതൃത്വം പ്രഖ്യാപനം നടത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച ഉപസമതി വൈകുന്നേരം അഞ്ചുമണിക്ക് സ്ഥാനാര്‍ത്ഥിയുടെ പേര് യുഡിഎഫിന് കൈമാറുമെന്നാണ് ജോസ് കെ മാണി അറിയിച്ചത്. ഈ പേര് ഏതാണെന്ന് അറിയില്ലെന്നാണ് ജോസഫ് വ്യക്തമാക്കിയത്. പാലാ സീറ്റും രണ്ടില ചിഹ്നവും കിട്ടിയേ തീരൂ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി വിഭാഗം. ചിഹ്നം വിട്ടുതരാന്‍ ജോസഫ് വിഭാഗം വിട്ടുനല്‍കിയില്ലെങ്കില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ മടിയില്ലെന്നും ജോസ് കെ മാണി അന്ത്യശാസനം നല്‍കിയിരുന്നു. ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ഇന്ന് വൈകിട്ട് കോട്ടയത്ത് യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.
നിഷ മത്സരിക്കുന്നതിനോടാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിനും താല്‍പര്യമെന്നാണ് ജോസ് കെ മാണി അവകാശപ്പെടുന്നത്. എന്നാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനമെന്ന് പിജെ ജോസഫ് പറയുന്നു. നിഷ മത്സരിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ‘ഓ സാധ്യത കുറവാ..’ എന്നായിരുന്നു ജോസഫിന്റെ പ്രതികരണം.