നിലവില്‍ സിബിഎസ്ഇ അംഗീകൃതമായ സ്‌കൂളുകളെയെല്ലാം ഇനി താത്കാലികമായ അംഗീകാരമുള്ളവയായേ പരിഗണിക്കൂ
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (C.B.S.E.) ഇനി മുതല്‍ സ്‌കൂളുകള്‍ക്ക് സ്ഥിര അംഗീകാരം നല്‍കില്ല. ഇതുവരെ തുടര്‍ന്ന് വന്നിരുന്ന രീതിയില്‍ നിന്ന് പൂര്‍ണമായും വ്യത്യാസം വരുത്താനാണ് പദ്ധതി.
ഇതുമായി ബന്ധപ്പെട്ട് ഇരുപതിനായിരത്തോളം സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു കഴിഞ്ഞു. ബോര്‍ഡിന്റെ സ്ഥിരമായ അംഗീകാരം ലഭിച്ചിട്ടുള്ള പല സ്‌കൂളുകളിലും കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ല. പ്രമുഖ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂളുകള്‍ക്ക് എളുപ്പത്തില്‍ സ്ഥിര അംഗീകാരം ലഭിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളെ മറികടക്കാനും സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്ത ബോധം സൃഷ്ടിക്കാനുമാണ് പുതിയ നടപടി.
മൂന്ന് വര്‍ഷം കാലാവധിയുള്ള പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ആണ് ആദ്യ ഘട്ടത്തില്‍ നല്‍കുക. പിന്നീട് പരമാവധി അഞ്ച് വര്‍ഷം വരെ ഇത് നീട്ടിയെടുക്കാം. ബോര്‍ഡിന്റെ അംഗീകാരം ഇല്ലാതെ സ്‌കൂളുകള്‍ക്ക് കുട്ടികളെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യിക്കാനാകില്ല.
നിലവില്‍ സിബിഎസ്ഇ അംഗീകൃതമായ സ്‌കൂളുകളെയെല്ലാം ഇനി താത്കാലികമായ അംഗീകാരമുള്ളവ (provisionally affiliated) ആയേ പരിഗണിക്കൂ. ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡിന്റെ നിയമാവലികളില്‍ ഭേദഗതി വരുത്തി കഴിഞ്ഞു. അഫിലിയേഷന്‍ കമ്മറ്റി അംഗീകാരവുമായി ബന്ധപ്പെട്ട് ബോര്‍ഡിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണിത്.
സ്ഥിരാംഗീകാരമുള്ള സ്‌കൂളുകള്‍ ഇനി മുതല്‍ താത്കാലിക അംഗീകാരമുള്ളവയായേ പരിഗണിക്കൂ എന്നും അംഗീകാരം പുതുക്കി കിട്ടാന്‍ കൃത്യമായ തീയതികളില്‍ അപേക്ഷിക്കണമെന്നും ജനുവരി 3 ന് പ്രസിദ്ധീകരിച്ച അറിയിപ്പില്‍ സിബിഎസ്ഇ പറയുന്നു.