UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃശൂര്‍ പൂരം: വെടിക്കെട്ടിന് ഇനിയും അനുമതിയില്ല: ആശങ്ക വേണ്ടെന്ന് കളക്ടര്‍

വെടിക്കെട്ടിന്റെ അനുമതി നിഷേധിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പരാതി

തൃശൂര്‍ പൂരം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോഴും വെടിക്കെട്ടിന് അനുമതി ലഭിച്ചില്ല. റവന്യു, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരാണ് വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. ഇതുവരെയും അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നാളെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വെടിക്കെട്ടിന്റെ വലുപ്പം കുറഞ്ഞാലും വര്‍ണ വിസ്മയം തീര്‍ത്ത് അത് മറികടക്കാനായിരുന്നു ദേവസ്വങ്ങളുടെ തീരുമാനം. എന്നാല്‍ വെടിക്കെട്ടിന്റെ അനുമതി നിഷേധിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്നാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പരാതി. സാംപിള്‍ വെടിക്കെട്ടിനിടെ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇന്ന് രാവിലെ ദേവസ്വം സെക്രട്ടറിയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്. എത്രയും വേഗം ഹാജരാകണമെന്ന നോട്ടീസ് പൂര ദിവസം തന്നെ നല്‍കിയത് ഉദ്യോഗസ്ഥരുടെ ദാര്‍ഷ്ട്യമാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി പ്രതികരിച്ചു.

തിരുവമ്പാടി എഴുന്നള്ളിപ്പിന് 51 ആചാര വെടി മുഴക്കുന്നതിനും അനുമതി നല്‍കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സാംപിള്‍ വെടിക്കെട്ടിനും വൈകിയാണ് അനുമതി നല്‍കിയതെന്ന പരാതി തിരുവമ്പാടി ദേവസ്വത്തിനുണ്ട്. സാംപിള്‍ വെടിക്കെട്ടിനിടെ കുഴല്‍മിന്നല്‍ പൊട്ടിക്കാനും അനുമതി നല്‍കിയില്ല. ആചാരങ്ങള്‍ പ്രകാരം വെടിക്കെട്ട് നടത്താന്‍ രണ്ട് ദേവസ്വങ്ങളേയും ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. ഇത്തവണ വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങളാണ് പോലീസും റവന്യൂ ഉദ്യോഗസ്ഥരും കൊണ്ടുവന്നിട്ടുള്ളത്.

വെടിക്കെട്ടിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചെയ്ക്ക് മുമ്പ് വെടിക്കെട്ടിന് അനുമതി നല്‍കുമെന്ന് കളക്ടര്‍ പ്രതികരിച്ചു. അനുമതിക്കുള്ള കാലതാമസം സ്വാഭാവികമാണെന്നും കളക്ടര്‍ വിശദീകരിച്ചു. വെടിക്കെട്ട് നിരീക്ഷിക്കുന്ന പെസോയുടെ നിര്‍ദ്ദേശം പാലിച്ചാണ് റവന്യൂ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍