UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൂര്‍ണ്ണമായും അണുവായുധ മുക്തമാകാന്‍ ഉത്തര കൊറിയ തയ്യാറാകണമെന്ന് ദക്ഷിണ കൊറിയ

കൊറിയയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു ഉപാധികളുമില്ലാതെ ഉത്തര കൊറിയ ആണവായുധ മുക്തമാകാന്‍ തയ്യാറാകണമെന്നാണ് ദക്ഷിണ കൊറിയയുടെ ആഗ്രഹം

കൊറിയന്‍ ഉപദ്വീപില്‍ നിന്നും യുഎസ് സേനയുടെ പിന്മാറ്റം ആവശ്യപ്പെടാതെതന്നെ പൂര്‍ണ്ണമായും അണുവായുധ മുക്തമാകാന്‍ ഉത്തര കൊറിയ തയ്യാറാകണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്. എന്നാല്‍ ഉത്തര കൊറിയ ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തയാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി നടക്കാനിരിക്കുകയാണ്. അതിന് ശേഷം യുഎസ് പ്രസിഡന്റ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്ങും തമ്മില്‍ ചരിത്ര പ്രധാനമായ കൂടിക്കാഴ്ചയും നടത്തും.

അതേസമയം, ഉത്തര കൊറിയയുമായി നടത്തുന്ന ചര്‍ച്ച വിജയമല്ലെന്നു തോന്നിയാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. കൂടിക്കാഴ്ച മെയ് അവസാനമോ ജൂണ്‍ ആദ്യമോ നടക്കുമെന്നാണ് കരുതുന്നത്. ഉത്തര കൊറിയ തങ്ങളുടെ അണുവായുധങ്ങള്‍ പൂര്‍ണ്ണമായും നിര്‍വീര്യമാക്കാന്‍ തയ്യാറാവുമോ എന്നതും, തയ്യാറായാല്‍ തന്നെ അമേരിക്കയോട് പകരം എന്തു ചോദിക്കുമെന്നതുമാണ് ഈ കൂടിക്കാഴ്ചയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ബില്‍ ക്ലിന്റന്‍ യുഎസ് പ്രസിഡന്റ് ആയിരുന്ന സമയത്ത് മാത്രമാണ് ഉത്തരകൊറിയയുമായി ചെറുതായെങ്കിലും ഒരു ചര്‍ച്ചയ്ക്ക് അമേരിക്ക മുന്‍കൈ എടുത്തിട്ടുള്ളത്. ഇരു രാജ്യങ്ങളുടേയും ഭരണാധികാരികള്‍ തമ്മില്‍ ഇതുവരെ നേരിട്ടൊരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ല.

ദക്ഷിണ കൊറിയയില്‍ നിന്നുള്ള യു എസ് സൈന്യത്തെ പിന്‍വലിക്കണമെന്നതു പോലെയുള്ള അമേരിക്കയ്ക്ക് സ്വീകരിക്കാന്‍ കഴിയാത്ത ഒരു വ്യവസ്ഥയും ഉത്തരകൊറിയ മുന്നോട്ട് വച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കൊറിയന്‍ യുദ്ധത്തോടെയാണ് അമേരിക്കന്‍ സൈന്യം ദക്ഷിണ കൊറിയയില്‍ സാന്നിധ്യമുറപ്പിച്ചത്. ഇതിനെ പ്രധിരോധിക്കാനാണ് ഐക്യ രാഷ്ട്ര സംഘടനയുടെ വിലക്കുകള്‍ മറികടന്ന് തങ്ങള്‍ ആയുധ നിര്‍മ്മാണം നടത്തുന്നത് എന്നാണ് ഉത്തര കൊറിയയുടെ വാദം. അതിനാല്‍തന്നെ അമേരിക്ക കൊറിയന്‍ ഉപദ്വീപില്‍ നിന്നും പിന്മാറാതെ അണുവായുധ നിര്‍മ്മാണത്തില്‍ നിന്നും പിന്മാറാന്‍ കഴിയില്ലെന്നാണ് ഇത്ര കാലവും അവര്‍ പറഞ്ഞുകൊണ്ടിരുന്നത്.

ഉത്തര കൊറിയയുമായി ഒരു പതിറ്റാണ്ടിലേറെക്കാലമായി തുടര്‍ന്ന്‌കൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങള്‍ അവസാനിപ്പിച്ച് പൂര്‍ണ്ണമായും സമാധാനം പുനസ്ഥാപിക്കാനാണ് ദക്ഷിണ കൊറിയ ശ്രമിക്കുന്നത്. ഇതിന് അമേരിക്കയുടേയും ജപ്പാന്റെയും പൂര്‍ണ്ണ പിന്തുണയുമുണ്ട്. സിഐഎ ഡയറക്ടര്‍ മൈക് പോംപിയോ അടുത്തിടെ ഉത്തര കൊറിയ സന്ദര്‍ശിച്ചതും പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍