UPDATES

വായന/സംസ്കാരം

എന്‍എസ് മാധവന്റെ ഹിഗ്വിറ്റയുടെ നാടകാവിഷ്‌കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഇന്നും നാളെയും

ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ തുറന്ന വേദിയില്‍ അരീന തിയറ്റര്‍ സങ്കല്‍പ്പത്തിലാണ് നാടകം അവതരിപ്പിക്കുന്നത്

എന്‍എസ് മാധവന്റെ പ്രശസ്ത ചെറുകഥ ഹിഗ്വിറ്റയുടെ നാടകാവിഷ്‌കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഇന്നും നാളെയും വൈകിട്ട് ആറ് മണിക്ക് നടക്കും. കാമ്പസിന്റെ തുറന്ന വേദിയിലാണ് നാടകം അവതരിപ്പിക്കുന്നത്. ശശിധരന്‍ നടുവില്‍ ആണ് നാടകം സംവിധാനം ചെയ്യുന്നത്. അടുത്തിടെ അന്തരിച്ച മുന്‍പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്റെ സ്മരണ മുന്‍നിര്‍ത്തി കാമ്പസിലെ പല തലമുറയില്‍ പെട്ട നാടക പ്രവര്‍ത്തകര്‍ കാമ്പസില്‍ ഒത്തുകൂടിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് ആറിന് സിനിമ താരം സുധീര്‍ കരമന നാടകം ഉദ്ഘാടനം ചെയ്യും.

ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍, സിനിമ താരങ്ങളായ അനുപമ പരമേശ്വരന്‍, സുനില്‍ സുഖദ, ബിപിന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. പ്രൊഫ. കെയു അരുണന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ തുറന്ന വേദിയില്‍ അരീന തിയറ്റര്‍ സങ്കല്‍പ്പത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. ഗ്രീക്ക് നാടക സങ്കല്‍പ്പവും സ്ഥലകാലങ്ങളെ കീഴ്‌മേല്‍ മറിക്കുന്ന രംഗാവതരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലാണ് നാടകം ആരംഭിക്കുന്നത്. പിടി മാഷിന്റെ മരണം, ഗീവര്‍ഗ്ഗീസിന്റെ ദൈവവിളി തുടങ്ങി എന്‍എസ് മാധവന്റെ കഥയിലെ മൗനമുഹൂര്‍ത്തങ്ങളുടെ രംഗാവിഷ്‌കാരങ്ങള്‍ക്കും ഫുട്‌ബോള്‍ മൈതാനം സാക്ഷിയാകും.

പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറും പ്രമുഖ ചലച്ചിത്ര നടനുമായ പി ആര്‍ ജിജോയ് ഗീവര്‍ഗ്ഗീസച്ചനാകും. ലൂസി ആയി ബംഗളൂരുവില്‍ ജേണലിസം അധ്യാപികയും ഒമ്പതുവട്ടം സര്‍വകലാശാല തലത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അര്‍ച്ചന വാസുദേവും രംഗത്തെത്തും. പിടി മാഷ് ആയി ഫിജോയും ജബ്ബാറായി കൃഷ്ണനുണ്ണിയും കാലന്‍ റപ്പായി ആയി വൈശാഖും അരങ്ങിലെത്തും. സിനിമയ്ക്ക് വേണ്ടി പോലും കഥ നല്‍കാത്ത എന്‍എസ് മാധവന്‍ ക്രൈസ്റ്റിലെ നാടകാവതരണത്തിന് പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ഒരുപക്ഷെ പ്രശസ്തമായ ഈ കഥയുടെ അവസാനത്തെ രംഗാവിഷ്‌കാരമായിരിക്കും ഇവിടെ നടക്കാന്‍ പോകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍