UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദു സന്യാസിമാര്‍ക്ക് കൊടുക്കാത്ത ഭാരതരത്‌നം ക്രിസ്ത്യാനിയായ മദര്‍ തെരേസയ്ക്ക് കൊടുത്തെന്ന് ബാബ രാംദേവ്

ഈ രാജ്യത്ത് ഹിന്ദുവാകുന്നത് ഒരു കുറ്റകൃത്യമാണോയെന്നും രാംദേവ്

ഭാരതരത്‌നം അവാര്‍ഡ് നിര്‍ണയത്തില്‍ വര്‍ഗ്ഗീയത കലത്തി യോഗ ഗുരു ബാബാ രാംദേവ്. സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷം പിന്നിട്ടിട്ടും ഒരു ഹിന്ദു സന്യാസിക്ക് പോലും ഭാരതരത്‌നം കൊടുത്തിട്ടില്ലെന്നും എന്നാല്‍ ക്രിസ്ത്യാനിയായ മദര്‍ തെരേസയ്ക്ക് കൊടുത്തുവെന്നുമാണ് ബാബാ രാംദേവിന്റെ ആരോപണം. ഹിന്ദു സന്യാസിമാരും രാഷ്ട്രനിര്‍മ്മിതിക്ക് വേണ്ടി വളരെയധികം പ്രവര്‍ത്തിച്ചവരാണെന്നും രാംദേവ് ചൂണ്ടിക്കാട്ടുന്നു.

പതഞ്ജലിയുടെ സ്ഥാപകനായ രാംദേവ് 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചരണത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതേസമയം താന്‍ രാഷ്ട്രീയത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇപ്പോള്‍ രാംദേവ് പറയുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമോയെന്ന ചോദ്യത്തിന് താനെന്തിന് ഇറങ്ങണമെന്നായിരുന്നു രാംദേവിന്റെ ചോദ്യം. അലഹബാദില്‍ നടക്കുന്ന കുംഭമേളയില്‍ ഇന്നലെ സംസാരിക്കുകയായിരുന്നു രാംദേവ്.

ഇതുവരെയും ഒരു സന്യാസിക്ക് പോലും ഭാരതരത്‌നം കിട്ടാത്തതെന്തുകൊണ്ടാണ്? മഹര്‍ഷി ദയാനന്ദന്റെയും സ്വാമി വിവേകാനന്ദന്റെയും പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രനിര്‍മ്മിതിക്ക് സഹായകമായെന്നും രാംദേവ് ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ നേതാവോ കായിക താരമോ നല്‍കിയ സംഭാവനകളേക്കാള്‍ ഒട്ടും കുറവല്ല അവരുടേത്. ഒരു ക്രിസ്ത്യാനിയായതിനാല്‍ മദര്‍ തെരേസയ്ക്ക് അവര്‍ ഈ അവാര്‍ഡ് നല്‍കി. എന്നാല്‍ ഹിന്ദുക്കളായ ഒരു സന്യാസിക്ക് പോലും നല്‍കിയിട്ടുമില്ല. ഈ രാജ്യത്ത് ഹിന്ദുവാകുന്നത് ഒരു കുറ്റകൃത്യമാണോ? രാംദേവ് ചോദിക്കുന്നു.

1979ല്‍ മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അതേസമയം താന്‍ വര്‍ഗ്ഗീയത പറയുകയല്ലെന്നാണ് രാംദേവ് പറയുന്നത്. രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ ഹിന്ദു സന്യാസിമാര്‍ ഉണ്ട്. അവരും അംഗീകരിക്കപ്പെടണം. ഈ വര്‍ഷം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, അന്തരിച്ച ഗായകന്‍ ഭൂപന്‍ ഹസാരിക, അന്തരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ നാനാജി ദേശ്മുഖ് എന്നിവര്‍ക്കാണ് രാഷ്ട്രം ഭാരതരത്‌നം നല്‍കി ആദരിച്ചത്. മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബിജെപി ഭാരതരത്‌നത്തിന്റെയും പത്മ അവാര്‍ഡുകളുടെയും ലിസ്റ്റ് തയ്യാറാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഗാന്ധി കുടുംബത്തിലുള്ളവര്‍ക്കല്ലാതെ ഒരു രാഷ്ട്രീയ നേതാവിനും കോണ്‍ഗ്രസ് ഭാരതരത്‌നം നല്‍കില്ലെന്ന് ബിജെപിയും ആരോപിക്കുന്നു. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും മുമ്പ് ഭാരതരത്‌നം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച തന്റെ 111-ാം വയസ്സില്‍ അന്തരിച്ച ശിവകുമാര സ്വാമിക്ക് ഭാരതരത്‌നം സമ്മാനിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും ഉള്‍പ്പെടെ കര്‍ണാകയില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാംദേവ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍