UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ ചാണ്ടി നിസ്സഹായാവസ്ഥയില്‍ എന്നെ ചൂഷണം ചെയ്തു: സരിത മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

തന്റെ കമ്പനിയ്ക്കും വ്യക്തിജീവിതത്തിലും വന്ന ദുരന്തങ്ങള്‍ മുതലാക്കി ഭരണത്തിലിരുന്നവര്‍ ശാരീരികമായി നേടിയെടുത്തതിന് തന്റെ സമ്മതമുണ്ടായിരുന്നില്ലെന്നും സരിത

തന്റെ നിസ്സഹായാവസ്ഥയില്‍ തന്നെ ചൂഷണം ചെയ്ത യുഡിഎഫ് നേതാക്കളില്‍ വലിയ ഒരാളാണ് ഉമ്മന്‍ ചാണ്ടിയെന്ന് സരിത മുഖ്യമന്ത്രി പിണറായി വിജയന് കത്തില്‍. മെഗാ സോളാര്‍ പവര്‍ പ്രോജക്ടുകളിലേക്ക് ആറന്മുള ബാബുരാജ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ശേഖരിച്ച പണം നേടിയത് ഉമ്മന്‍ ചാണ്ടിയാണെന്നും കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് അഴിമുഖത്തിന് ലഭിച്ചു.

കൂടാതെ ഉമ്മന്‍ ചാണ്ടിയും തമ്പാനൂര്‍ രവിയും പറഞ്ഞതിനാലാണ് ബിജു രാധാകൃഷ്ണന്‍ സിഡിയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉമ്മന്‍ ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞതെന്നും സരിത പറയുന്നു. കൂടാതെ തനിക്ക് പരാതി പറയാനുള്ള പദവിയിലിരുന്ന ആള്‍ തന്നെ തന്നെ ചൂഷണം ചെയ്‌തെന്നും സരിത പറയുന്നു. എനിക്ക് പണത്തിന് മറ്റ് പ്രോജക്ടുകള്‍ക്കും വേണ്ടി ആര്‍ക്കും വഴങ്ങേണ്ടി വന്നിട്ടില്ലെന്നും സരിത പറയുന്നു. എന്നാല്‍ തന്റെ കമ്പനിയ്ക്കും വ്യക്തിജീവിതത്തിലും വന്ന ദുരന്തങ്ങള്‍ മുതലാക്കി ഭരണത്തിലിരുന്നവര്‍ ശാരീരികമായി നേടിയെടുത്തതിന് തന്റെ സമ്മതമുണ്ടായിരുന്നില്ലെന്നും സരിത വ്യക്തമാക്കുന്നു.

കൂടാതെ സോളാര്‍ കേസില്‍ അന്നത്തെ യുഡീഎഫ് സര്‍ക്കാരിലെ ഭൂരിഭാഗവും പ്രതിയാകുമായിരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളായ പോലീസ്, ജുഡീഷ്യറി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉപയോഗിച്ച് അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ജോപ്പന്റെ ഫോണിലൂടെ ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പിലാണ് മല്ലേലില്‍ ശ്രീധരന്‍ നായര്‍ മെഗാപവര്‍ പ്രോജക്ടിന്റെ ഇന്‍വെസ്റ്ററാകാന്‍ തയ്യാറായതെന്നും സരിത പറയുന്നു. തന്റെ കേസുകള്‍ ഒതുക്കിത്തീര്‍ക്കാമെന്ന് അമ്മയോട് യുഡിഎഫ് നേതാക്കള്‍ അറിയിച്ചതിനനുസരിച്ച് അവര്‍ നിര്‍ബന്ധിച്ചതുകൊണ്ടും ജയിലിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ നിര്‍ബന്ധവും മൂലമാണ് തന്റെ മൊഴി 4 പേജായി ചുരുങ്ങിയതെന്നും അവര്‍ പറയുന്നു.

എഡിജിപി ഹേമചന്ദ്രന്റെ സഹായത്തോടെയാണ് തന്റെ മൊബൈലിലും ലാപ്‌ടോപ്പിലുമുണ്ടായിരുന്ന അശ്ലീല വീഡിയോകള്‍ അവര്‍ പ്രചരിപ്പിച്ചതെന്നും സരിത പറയുന്നു. ഇത് ജയില്‍ മോചിതയായ താന്‍ എന്തെങ്കിലും തുറന്നുപറയുമോയെന്ന ഭയം മൂലം തന്നെ മോശക്കാരിയായി ചിത്രീകരിക്കാനായിരുന്നു. എന്നാല്‍ താന്‍ വെളിപ്പെടുത്തലുകളൊന്നും നടത്താതിരുന്നതോടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന ഉറപ്പ് ഉമ്മന്‍ ചാണ്ടി നേരിട്ടും തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ മുഖേനയും തുടര്‍ച്ചയായി തന്നുകൊണ്ടിരുന്നു.

കൂടാതെ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സോളാര്‍ കമ്മിഷനുമായി സഹകരിക്കേണ്ടതില്ലെന്നും അവര്‍ നിര്‍ദ്ദേശിച്ചതായി സരിതയുടെ കത്തില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിലെ കുറെ മന്ത്രിമാര്‍ സ്ത്രീകളെ ഉപഭോഗ വസ്തുവായി കണ്ടിരുന്നു. തനിക്ക് തന്റെ കമ്പനിയുടെ നിയമപ്രശ്‌നങ്ങള്‍ അഴിയാക്കുരുക്കാകുകയും ബിജു രാധാകൃഷ്ണന്‍ പണം വഴിമാറ്റിയതും മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പണം നല്‍കുകയും ചെയ്തതോടെ കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുകയും ആ അവസ്ഥ മനസിലാക്കിയ ഭരണം നടത്തിയിരുന്ന ജനപ്രതിനിധികള്‍ തന്നെ ചൂഷണം ചെയ്യുകയുമാണ് ഉണ്ടായതെന്നും സരിത പറയുന്നു.

കൂടാതെ ജനപ്രതിനിധികള്‍ എന്ന മുന്‍ഗണനയും പ്രാധാന്യവും മുതലാക്കി ഒറ്റക്കാവുന്ന സാഹചര്യത്തില്‍ ഉള്ള സ്ത്രീകളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുന്ന ഇവരെ ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തതെന്നും സരിത പറയുന്നു. തനിക്ക് ക്രഡിബിലിറ്റിയില്ലെന്ന യുഡിഎഫിന്റെ ആരോപണം മുഖവിലയ്‌ക്കെടുത്ത് തന്റെ പരാതി തള്ളിക്കളയരുതെന്നും പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ ചുമതലപ്പെടുത്തണമെന്നുമാണ് കത്തിലെ സരിതയുടെ ആവശ്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍