UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അശാന്തന്റെ മൃതദേഹത്തോട് അനാദരവ്: പേരിന് പ്രതിഷേധം നടത്തി പ്രതിപക്ഷം

കൗണ്‍സില്‍ തുടങ്ങിയ ശേഷം ഈ വിഷയത്തില്‍ കൃഷ്ണകുമാര്‍ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി ആവശ്യപ്പെട്ടതല്ലാതെ മറ്റ് പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല

ദലിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം ദര്‍ബാര്‍ ഹാള്‍ മുറ്റത്ത് പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചുവെന്ന കാരണത്താല്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെവിപി കൃഷ്ണകുമാര്‍ രാജിവെയക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍ കൊച്ചി നഗരസഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചു. എന്നാല്‍ കൗണ്‍സില്‍ തുടങ്ങിയ ശേഷം ഈ വിഷയത്തില്‍ കൃഷ്ണകുമാര്‍ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി ആവശ്യപ്പെട്ടതല്ലാതെ മറ്റ് പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല.

പതിവ് പോലെ നിശചയിച്ച അജണ്ട പ്രകാരം കൗണ്‍സില്‍ യോഗം നടന്നു. അതേസമയം കൃഷ്ണകുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ കയറുന്നത് തടയാനാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നതെന്നും പക്ഷെ അതിന് മുമ്പ് കൗണ്‍സിലര്‍ അകത്ത് പ്രവേശിച്ചിരുന്നുവെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. അതേസമയം അശാന്തന്റെ മൃതദേഹം ദര്‍ബാര്‍ ഹാള്‍ മുറ്റത്തുവയ്ക്കുന്നതു സംബന്ധിച്ച പ്രതിഷേധവും തര്‍ക്കവും ശാന്തമാക്കാനാണ് താന്‍ ശ്രമിച്ചതെന്നും തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ കൗണ്‍സിലില്‍ വിശദീകരണം നല്‍കി.

കൃഷ്ണകുമാറിനെതിരെ സാംസ്‌കാരിക കൂട്ടായ്മ കൊച്ചി മേയര്‍ സൗമിനി ജയിന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇക്കഴിഞ്ഞ ജനുവരി 31ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അശാന്തന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനിടെ തൊട്ടടുത്തുള്ള എറണാകുളത്തപ്പന്‍ ക്ഷേത്ര ഭാരവാഹികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ശിവക്ഷേത്രത്തില്‍ ഉത്സവം നടന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂവെന്നും അതിനാല്‍ ക്ഷേത്രത്തിന് മുന്നിലൂടെ മൃതദേഹം കൊണ്ടുപോകുന്നതും ക്ഷേത്രത്തിന് മുന്നില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നത് അനുവദിക്കാനാകില്ലെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാല്‍ നിശ്ചയിച്ചപോലെ ദര്‍ബാര്‍ ഹാളില്‍ തന്നെ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് അശാന്തന്റെ സുഹൃത്തുക്കളായ കലാകാരന്മാര്‍ നിലപാടെടുത്തതോടെ സംഘര്‍ഷാവസ്ഥയുണ്ടാകുകയായിരുന്നു. ക്ഷേത്രഭാരവാഹികളുടെ ഒരു സംഘം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തുകയും അശാന്തന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍