UPDATES

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്യാമളയ്ക്ക് തെറ്റുപറ്റിയെന്ന് പി ജയരാജന്‍

ജനപ്രതിനിധികളുടെ വാഴ്ചയാണ് നഗരസഭയിലുണ്ടാകേണ്ടത്. അല്ലാതെ ഉദ്യോഗസ്ഥരുടേതല്ല.

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥരെ പഴിചാരി സിപിഎം നേതാവ് പി ജയരാജന്‍. സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ സെക്രട്ടറി സ്വീകരിച്ചതെന്നും ഇവരെ തിരുത്താന്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയ്ക്ക് സാധിച്ചില്ലെന്നും പി ജയരാജന്‍ വിശദീകരണ യോഗത്തില്‍ പറഞ്ഞു. ആന്തൂര്‍ സംഭവത്തെക്കുറിച്ച് വിശദീകരിക്കാനാണ് യോഗം വിളിച്ചു ചേര്‍ത്തത്.

ആന്തൂര്‍ മുന്‍സിപ്പാലിറ്റിക്ക് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ തെറ്റുപറ്റി. ജനപ്രതിനിധികളുടെ വാഴ്ചയാണ് നഗരസഭയിലുണ്ടാകേണ്ടത്. അല്ലാതെ ഉദ്യോഗസ്ഥരുടേതല്ല. ആന്തൂരിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും വേണ്ടവിധം ഇടപെടാനും ശ്യാമളയ്ക്ക് സാധിച്ചില്ല. ജനപ്രതിനിധികള്‍ക്ക് പിരിമിതി ഉണ്ട്. എന്നുവച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞത് കേട്ട് നടക്കുകയാണോ ജനപ്രതിനിധികളുടെ ഉത്തരവാദിത്വം? ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഇടപെടുകയാണ് അവര്‍ വേണ്ടത്. അതാണ് കമ്മ്യൂണിസ്റ്റ് പ്രതിനിധികള്‍ ചെയ്യേണ്ടത്. അക്കാര്യത്തില്‍ ആന്തൂര്‍ മുന്‍സിപ്പാലിറ്റിക്ക് വീഴ്ച പറ്റിയെന്നും ജയരാജന്‍ പറഞ്ഞു. സാജന്റെ ഭാര്യയുടെ പരാതി പരിശോധിച്ച് ആവശ്യമായ തീരുമാനം പാര്‍ട്ടി സ്വീകരിക്കും.

ആന്തൂര്‍ നഗരസഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ചട്ടലംഘനം നടന്നതായും ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതില്‍ നഗരസഭാ സെക്രട്ടറി നിഷേധാത്മക നിലപാട് സ്വീകരിച്ചിരുന്നുവെന്നും പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനെ മറികടന്ന് കാര്യങ്ങള്‍ ചെയ്യാന്‍ നഗരസഭാ അധ്യക്ഷയ്ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കുകയും ചെയ്തു. അങ്ങനെയാണ് സംയുക്തപരിശോധന നടന്നത്.

ഈ വിഷയത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. സാജന് ഒക്യുപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് നഗരസഭാ അധ്യക്ഷ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ സെക്രട്ടറി അനാവശ്യമായ ദുര്‍വാശി കാണിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തടസ്സവാദങ്ങള്‍ ഉന്നയിച്ച് അനുമതി നല്‍കുന്നത് നീട്ടിക്കൊണ്ടുപോയി. നഗരസഭ അധ്യക്ഷ പറഞ്ഞിട്ടും അനുസരിക്കാത്ത സെക്രട്ടറി ആയിരുന്നു ആന്തൂരിലേത്. ക്രൂരമായ അനാസ്ഥയാണ് സാജന്റെ ഓഡിറ്റോറിയത്തിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കാട്ടിയതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

read more:ആണിന് തങ്ങളെ വിട്ടുകൊടുക്കാത്ത പെണ്ണുങ്ങളുടെ കഥ പറഞ്ഞ ‘മീശ’ വീണ്ടും വായിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍