UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗികാരോപണത്തെ തുടര്‍ന്ന്‌ പുറത്താക്കിയ പി ശശിയ്ക്ക് സിപിഎമ്മിലേക്ക് സ്വാഗതം; പരാതിക്കാര്‍ക്കെതിരെ നടപടി

പാര്‍ട്ടിയില്‍ നിന്നും പുറത്തായ ശേഷവും സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശശി പാര്‍ട്ടി കേസുകളിലെ അഭിഭാഷകനായിരുന്നു

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ സദാചാര ലംഘന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പി ശശിയെ തിരിച്ചെടുക്കാന്‍ തീരുമാനം. സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ദിവസം തലശേരി ഏരിയ കമ്മിറ്റി ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷം അംഗത്വം നല്‍കാനുള്ള നടപടികള്‍ തുടങ്ങുമെന്നാണ് മനോരമ റിപ്പോര്‍ട്ട്.

2011ലാണ് ഗുരുതരമായ സദാചാര ലംഘന ആരോപണത്തെ തുടര്‍ന്ന് പി ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു അന്ന് ശശി. ടി പി നന്ദകുമാര്‍ നല്‍കിയ കേസില്‍ ശശിയെ കഴിഞ്ഞ വര്‍ഷം ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം ശശി സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സമിതി ശശിക്ക് വീണ്ടും അംഗത്വം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

അതേസമയം ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി രണ്ട് പേര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തിരിക്കുകയാണ്. ആദ്യം പരാതി നല്‍കിയ സികെപി പത്മനാഭനെ സാമ്പത്തിക തിരിമറി ആരോപിച്ച് സംസ്ഥാന സമിതിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പരാതി നല്‍കിയ ഡിവൈഎഫ്‌ഐ ജില്ലാ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് ശേഷം അഭിഭാഷകനായി ജോലി ആരംഭിച്ച ശശി മാവിലായില്‍ നിന്നും തലശേരിയിലേക്ക് താമസം മാറിയിരുന്നു. തലശേരി ഏരിയ കമ്മിറ്റിക്ക് കീഴില്‍ അംഗത്വം നല്‍കണമെന്നാണ് ശശിയുടെ ആവശ്യം. പാര്‍ട്ടിയില്‍ നിന്നും പുറത്തായ ശേഷവും സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശശി പാര്‍ട്ടി കേസുകളിലാണ് ഹാജരായിരുന്നത്. ടിപി വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ശശിയാണ്. 2015ല്‍ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റിയിലും ശശി അംഗമായി.

നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരുന്നുവെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലുള്ളപ്പോള്‍ തന്നെ ശശിയുടെ മടങ്ങി വരവ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമാകുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍