UPDATES

സിനിമാ വാര്‍ത്തകള്‍

പദ്മാവതിന്റെ വിലക്ക് നീക്കി സുപ്രിംകോടതി

ചിത്രം ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുമെന്ന സംസ്ഥാനങ്ങളുടെ വാദം തള്ളി

സഞ്ജയ് ലീല ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പദ്മാവതിന് ആറ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിംകോടതി നീക്കി. ചിത്രത്തിന്റെ നിര്‍മാതാവിന്റെ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടുന്ന ബഞ്ച് വിലക്ക് നീക്കിയത്.

ക്രമസമാധാനം തകര്‍ക്കുമെന്ന ന്യായം ഉന്നയിച്ചാണ് ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ സംസ്ഥാനങ്ങളുടെ ഈ വാദം സുപ്രിംകോടതി തള്ളുകയായിരുന്നു. ജനുവരി 25നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതനുസരിച്ച് ചിത്രത്തിന്റെ പേരില്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് പ്രദര്‍ശനത്തിന് എത്തിക്കുന്നതെന്ന് നിര്‍മ്മാതാവിന്റെ ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഹരിയാന സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയത്. ഒരു പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു സിനിമയുടെ പ്രദര്‍ശനം വിലക്കാന്‍ അധികാരമുള്ളൂവെന്ന സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് വിലക്ക് ചോദ്യം ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. എന്നാല്‍ പദ്മാവതി എന്ന പേര് പദ്മാവത് എന്ന് മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം.

ചൊവ്വാഴ്ചയാണ് ഹരിയാന സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയത്. മന്ത്രിമാരായ അനില്‍ വിജ്, വിപുല്‍ ഗോയെല്‍ എന്നിവരുടെ നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ‘പദ്മാവതി/പദ്മാവത് സിനിമയ്ക്ക് ഹരിയാനയില്‍ വിലക്ക്’ എന്ന് വിജ് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഹരിയാനയിലെ ബിജെപി നേതാക്കള്‍ നേരത്തെ മുതല്‍ ചിത്രത്തെ എതിര്‍ക്കുന്നുണ്ട്. വിജും ഗോയെലും ചേര്‍ന്ന് ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിയ്ക്ക് നവംബറില്‍ കത്ത് അയയ്ക്കുകയും ചെയ്തു.

ബിജെപി ചീഫ് മീഡിയ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്നും രാജിവച്ച സുരാജ് പാല്‍ അമുവാണ് ചിത്രത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ബന്‍സാലിയെയും നായികയായി അഭിനയിച്ച ദീപിക പദുകോണിന്റെയും തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ സമ്മാനമായി നല്‍കുമെന്ന അമുവിന്റെ ആഹ്വാനം വിവാദമായിരുന്നു.

പദ്മാവത് നിരോധിച്ച ഗുജറാത്തില്‍ നെതന്യാഹുവിനെ വരവേല്‍ക്കാന്‍ ഘൂമര്‍ നൃത്തം/വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍