UPDATES

ട്രെന്‍ഡിങ്ങ്

ജോസ് ടോമിനെ അറിയാമോ? ‘ആഹ്.. മാണി സാറിന്റെ മോനല്ലേ?’; പാലാക്കാര്‍ പറയുന്നു

ജോസ് ടോമിന്റെ പേര് ആദ്യമായി കേട്ടതുപോലും ഇന്ന് രാവിലെ പത്രം വായിച്ചപ്പോഴാണെന്ന് ചിലര്‍ വെളിപ്പെടുത്തുന്നു

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പേര് മണ്ഡലത്തിലെ പലരും ആദ്യമായി കേള്‍ക്കുന്നത് പോലും ഇന്ന് രാവിലെ പത്രം വായിച്ചപ്പോള്‍. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെ പലര്‍ക്കും പരിചയവുമുണ്ടെന്നത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ക്യാമ്പിന് മുന്‍തൂക്കം നല്‍കുന്നു. ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് പാലാ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് വോട്ടര്‍മാരുടെ വിവിധ തരത്തിലുള്ള പ്രതികരണം.

ജോസ് ടോമിന്റെ പേര് ആദ്യമായി കേട്ടതുപോലും ഇന്ന് രാവിലെ പത്രം വായിച്ചപ്പോഴാണെന്ന് ചിലര്‍ വെളിപ്പെടുത്തുന്നു. അതും ജോസ് ടോം എന്ന പേരിന് പകരം ടോം ജോസ് എന്നാണ് ഒരാള്‍ പറയുന്നതും. പാലായിലെ സ്ഥാനാര്‍ത്ഥി ജോസ് ടോം ആരാണെന്ന് അറിയാമോയെന്ന ചോദ്യത്തിന് മാണി സാറിന്റെ മോന്‍ എന്നാണ് ഒരു സ്ത്രീ നല്‍കുന്ന മറുപടി. അതേസമയം മാണി സി കാപ്പനെ അറിയാമെന്ന് ഇവരെല്ലാം പറയുന്നുമുണ്ട്. പരിചിത മുഖത്തിന് വോട്ട് ചെയ്യുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പറയുന്നത്. അതേസമയം മാണി സാറിനൊപ്പമുള്ളവര്‍ പാലായില്‍ ജയിക്കുമെന്ന് പറയുന്നവരും ഉണ്ട്. എന്നാല്‍ ഇവര്‍ക്കും ജോസ് ടോമിന്റെ പേര് പരിചിതമല്ല.

കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില നല്‍കില്ലെന്ന നിലപാടിലാണ് പിജെ ജോസഫ്. തന്നെ ചെയര്‍മാനായി അംഗീകരിച്ചാല്‍ ചിഹ്നം അനുവദിക്കാമെന്നാണ് ജോസഫ് പറയുന്നത്. എന്നാല്‍ ജോസ് കെ മാണി വിഭാഗം ഇതിന് വഴങ്ങാത്ത സാഹചര്യത്തില്‍ ജോസ് ടോമിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വരും.

ചിഹ്നം ലഭിക്കാതെ വന്നാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും എന്നാല്‍ ജോസഫുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുമെന്നുമാണ് ജോസ് കെ മാണി വിഭാഗം പറയുന്നത്. നേരത്തെ ചിഹ്നം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് ജോസ് ടോം പറഞ്ഞിരുന്നെങ്കിലും ഇന്ന് ആ നിലപാടില്‍ നിന്നും പിന്മാറിയിരുന്നു. മാണി സാറിന്റെ ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ഇന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മാണി സാറാണ് തന്റെ ചിഹ്നമെന്നും ഇദ്ദേഹം പറയുന്നു. അതേസമയം സര്‍വേ ഇടതുപക്ഷത്തിന് ആശ്വാസം പകരുന്നതാണ്. മാണി സി കാപ്പന്‍ മണ്ഡലത്തിലുള്ളയാളാണെന്നും പരിചിത മുഖമാണെന്നും പലരും പറയുന്നു. മൂന്ന് തവണ കെ എം മാണിക്കെതിരെ മത്സരിച്ച് തോറ്റ വ്യക്തിയാണ് മാണി സി കാപ്പന്‍. അതേസമയം ഓരോ തെരഞ്ഞെടുപ്പിലും മാണിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാണി സി കാപ്പന് സാധിച്ചുവെന്നതാണ് അദ്ദേഹത്തെ തന്നെ വീണ്ടും പരിഗണിക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്റെ പേരാണ് ഉയര്‍ന്നു കേട്ടിരുന്നതെങ്കിലും ഇന്നലെ വൈകിട്ടോടെ സ്ഥിതിഗതികള്‍ മാറിമറിയുകയായിരുന്നു. നിഷയോ മാണി കുടുംബത്തിലെ അംഗങ്ങള്‍ ആരും തന്നെയോ മത്സരിക്കില്ലെന്ന് ജോസ് കെ മാണി പ്രഖ്യാപിക്കുകയും ഇത് ജോസ് കെ മാണിയുടെ തീരുമാനമാണെന്ന് തോമസ് ചാഴിക്കാടന്‍ എംപി പറയുകയും ചെയ്തതോടെയാണ് മറ്റൊരു സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യം ഉയര്‍ന്നത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മീനച്ചില്‍ പഞ്ചായത്ത് മുന്‍ അംഗവുമാണ് ജോസ് ടോം.

also read:VIDEO-സിസ്റ്റര്‍ അഭയയുടെ ഒപ്പം നിന്ന സി. അനുപമ പോലും മൊഴിമാറ്റിയിരിക്കുന്നു; സഭയ്ക്കുള്ളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് സി. ലൂസി കളപ്പുരയ്ക്കല്‍/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍