UPDATES

ട്രെന്‍ഡിങ്ങ്

പാലാരിവട്ടം പാലത്തിലെ വിള്ളലില്‍ ഇബ്രാഹിംകുഞ്ഞ് വീഴുന്നതെങ്ങനെ?

ഇടതുമുന്നണിയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നതിനാലാണ് പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റുണ്ടാകാനുള്ള സാധ്യതകള്‍ ശക്തമാകുന്നത്

പാലാരിവട്ടം പാലം ക്രമക്കേടില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും പ്രതിക്കൂട്ടിലാകുമെന്ന അവസ്ഥയിലാണ് വിജിലന്‍സ് അന്വേഷണം നീങ്ങുന്നത്. ഇതിന്റെ ഭാഗമായി എംഎല്‍എ കൂടിയായ ഇബ്രാഹിംകുഞ്ഞ് ഒളിവിലാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇന്നലെ വരെ തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിലുണ്ടായിരുന്ന ഇബ്രാഹിംകുഞ്ഞ് താന്‍ ഇവിടെ തുടരുന്നത് അറസ്റ്റ് ഭയന്നല്ലെന്നാണ് പറഞ്ഞിരുന്നത്. നിയമസഭാ വളപ്പില്‍ നിന്നോ ഹോസ്റ്റലില്‍ നിന്നോ എംഎല്‍എമാരെ അറസ്റ്റ് ചെയ്യുന്നതിന് സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിന് ആരും തന്റെ അനുമതി തേടിയിട്ടില്ലെന്ന് സ്പീക്കര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് തിരുവനന്തപുരത്ത് നിന്നും ആലുവയില്‍ എത്തിയ ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 11.30ഓടെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തോടൊപ്പം ആലുവയിലെത്തിയ ഇബ്രാഹിംകുഞ്ഞ് പിന്നീട് എങ്ങോട്ട് പോയെന്ന് യാതൊരു ധാരണയുമില്ല. ആലുവയിലെ വീട്ടിലും ഓഫീസിലും എത്തിയിട്ടില്ലെന്നും മൊബൈല്‍ ഫോണുകള്‍ ഓഫാണെന്നും മാത്രമാണ് അറിയുന്നത്.

കേസില്‍ അറസ്റ്റിലായ മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍മന്ത്രിക്കെതിരെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴാണ് ഇദ്ദേഹത്തിന്റെ തിരോദ്ധാനവും വാര്‍ത്തയാകുന്നത്. കേസില്‍ മുന്‍മന്ത്രിയുടെ പങ്കാണ് ഇന്നും സൂരജ് കോടതിയില്‍ ആവര്‍ത്തിച്ചത്. കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് എന്ന ഗുജറാത്ത് കമ്പനിക്ക് പലിശയില്ലാതെ പണം മുന്‍കൂര്‍ നല്‍കാന്‍ ഉത്തവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നാണ് സൂരജ് കോടതിയിലും പിന്നീട് മാധ്യമങ്ങളോടും ആവര്‍ത്തിച്ചത്. ഫയലില്‍ ഇക്കാര്യം എഴുതി മന്ത്രി ഒപ്പുവച്ചതിന്റെ തെളിവുകളുണ്ടെന്നും സൂരജ് പറയുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ സൂരജിന്റെയും മറ്റ് മൂന്ന് പ്രതികളുടെയും റിമാന്‍ഡ് കാലാവധി അടുത്തമാസം മൂന്ന് വരെ നീട്ടിയിട്ടുണ്ട്. മന്ത്രിയുടെ അറിവോടെ തന്നെയാണ് പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നതെന്നും 8.25 കോടി രൂപ കരാര്‍ കമ്പനിക്ക് പലിശയില്ലാതെ മുന്‍കൂറായി അനുവദിക്കാന്‍ തീരുമാനിച്ച ഫയലില്‍ ഒപ്പിട്ടിരിക്കുന്നത് മന്ത്രി തന്നെയാണെന്നും സൂരജ് ചൂണ്ടിക്കാട്ടുന്നു. ഏഴ് ശതമാനം പലിശ ഈടാക്കി പണം നല്‍കാനാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും സൂരജ് അവകാശപ്പെടുന്നുണ്ട്.

ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷിനും ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് സൂരജിന്റെ ആരോപണം. മുന്‍കൂര്‍ പണം അനുവദിക്കണമെന്നാണ് മുഹമ്മദ് ഹനീഷ് ശുപാര്‍ശ ചെയ്തത്. പാലാരിവട്ടം അഴിമതിക്കേസില്‍ നാലാം പ്രതിയാണ് സൂരജ്. കരാര്‍ കമ്പനിയായ ആര്‍ഡിഎസ് എംഡി സുമിത് ഗോയല്‍, ആര്‍ബിഡിസികെ മുന്‍ എജിഎം എംടി തങ്കച്ചന്‍, കിറ്റ്‌കോ മുന്‍ ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. സൂരജ് ഇന്ന് കോടതിയിലും വിജിലന്‍സിന്റെ ചോദ്യം ചെയ്യലിലും ഇബ്രാഹിംകുഞ്ഞിനെതിരെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹത്തിന് കുരുക്കാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിനുള്ള സാധ്യതകളും തെളിയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇബ്രാഹിംകുഞ്ഞിന് ഇന്ന് തന്നെ നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഹനീഷിനെയും ചോദ്യം ചെയ്യും. അതേസമയം ഇരുവരുടെയും അറസ്റ്റിന് മുന്നില്‍ നിയമോപദേശം തേടാനാണ് വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രം അറസ്റ്റില്‍ തീരുമാനമെടുക്കാമെന്നാണ് ധാരണയായത്. പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നാണ് അറിയുന്നതെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്നും അറസ്റ്റിനുള്ള തെളിവുകളില്ലെന്നുമാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.

എന്നാല്‍ മുന്‍ മന്ത്രിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യുന്നത്. അറസ്റ്റിന്റെ അനിവാര്യത അന്വേഷണ സംഘം വിജിലന്‍സ് ആസ്ഥാനത്ത് എഡിജിപിയെയും ഐജിയെയും അറിയിച്ചിട്ടുണ്ട്. അതിന് മുമ്പ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സര്‍ക്കാരില്‍ നിന്നും വാങ്ങും. വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന എഡിജിപി അനില്‍കാന്ത് ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കും.

ഇടതുമുന്നണിയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നതിനാലാണ് പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റുണ്ടാകാനുള്ള സാധ്യതകള്‍ ശക്തമാകുന്നത്. അഴിമതി വിരുദ്ധ സര്‍ക്കാര്‍ എന്നാണ് അവകാശവാദമെങ്കിലും ആ ഇമേജ് കാത്തുസൂക്ഷിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചോയെന്ന് എല്‍ഡിഎഫിനുള്ളില്‍ തന്നെ സംശയമുണ്ട്. അധികാരത്തിലെത്തിയ ഉടന്‍ തന്നെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ കടുംവെട്ട് തീരുമാനങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ വച്ചെങ്കിലും ഒന്നും ചെയ്യാനായിരുന്നില്ല. സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പീഡനത്തിന് കേസെടുത്തതും സര്‍ക്കാരിന്റെ നാണക്കേടിലാണ് കലാശിച്ചത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളൊന്നും തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പാലാരിവട്ടം പാലം അഴിമതിക്കേസ് വീണുകിട്ടിയത്. ചുരുക്കത്തില്‍ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അഴിമതി വിരുദ്ധ സര്‍ക്കാരെന്ന പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള വഴിയാകും.

അതേസമയം ഈ കേസില്‍ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായാല്‍ കേരളത്തിന്റെ ചരിത്രത്തില്‍ അഴിമതിക്കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ മന്ത്രിയാകും ഇദ്ദേഹം. ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണ പിള്ള അറസ്റ്റിലായതാണ് ഇതിന് മുന്നത്തെ സംഭവം. അന്ന് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്റെ നിര്‍ബന്ധബുദ്ധിയാണ് പിള്ളയുടെ അറസ്റ്റില്‍ കലാശിച്ചത്. അതേസമയം പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിള്ളയ്ക്ക് ആശുപത്രിയില്‍ സുഖവാസം ഒരുക്കുകയും ചെയ്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ രണ്ട് വര്‍ഷം പോലും ഇനി തികച്ചില്ല. മുന്നണികളെ മാറിമാറി ഭരിക്കാന്‍ അനുവദിക്കുന്ന കേരളത്തിന്റെ പതിവ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍ യുഡിഎഫ് ആണ് ഇനി ഭരിക്കേണ്ടത്. അങ്ങനെവന്നാല്‍ ഈ കേസില്‍ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായാലും അദ്ദേഹം ശിക്ഷിക്കപ്പെടുമോയെന്നും ജയില്‍വാസം അനുഭവിക്കേണ്ടിവരുമോയെന്നും കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.

also read:പാലാരിവട്ടം പാലം അഴിമതി; മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യും? ശക്തമായ തെളിവുണ്ടെന്ന് വിജിലൻസ്, നിർണായകമായി ടി ഒ സൂരജിന്റെ മൊഴി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍