UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്തെ നായകള്‍ക്ക് ഇനി ജനങ്ങള്‍ വജുഭായ് വാല എന്ന് പേരിടും: സഞ്ജയ് നിരുപം

ഗവര്‍ണറുടെ ആശിര്‍വാദത്തോടെ മുഖ്യമന്ത്രിയായ യെദ്യൂരപ്പ രാജിവച്ചതോടെയാണ് സഞ്ജയ് നിരുപം കടുത്ത പരിഹാസവുമായി രംഗത്തെത്തിയത്

കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല നായയ്ക്ക് തുല്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. രാജ്യത്തെ നായകള്‍ക്ക് ഇനി ജനങ്ങള്‍ വജുഭായ് വാല എന്ന് പേരിടുമെന്നും നിരുപം പരിഹസിച്ചു. ഇതുവരെ ഒരു ഗവര്‍ണറും ഒരു പാര്‍ട്ടിയോടോ നേതാവിനോടോ ഇത്രയും കൂറ് കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ ആശിര്‍വാദത്തോടെ മുഖ്യമന്ത്രിയായ യെദ്യൂരപ്പ രാജിവച്ചതോടെയാണ് സഞ്ജയ് നിരുപം കടുത്ത പരിഹാസവുമായി രംഗത്തെത്തിയത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാതിരുന്ന ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസവും അനുവദിച്ചു. ഇതിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സുപ്രിംകോടതിയെ സമീപിച്ചതോടെ ബിജെപി വെട്ടിലായി. സ്ഥാനമേറ്റ് മൂന്നാം ദിവസം വിശ്വാസ പ്രമേയം അവതരിപ്പിച്ച് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വന്നതോടെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് യെദ്യൂരപ്പ രാജിവച്ചു. ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന വാദം ശക്തമായിട്ടുണ്ട്. ഇതിനിടെ സഞ്ജയ് നിരുപത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കോണ്‍ഗ്രസിന് ഗവര്‍ണര്‍മാരെ ബഹുമാനിക്കാന്‍ അറിയില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ വിമര്‍ശിച്ചു. അതേസമയം സഞ്ജയ് നിരുപത്തിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും വ്യക്തികളെ അപമാനിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ലെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍