UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎമ്മിന് തലവേദനയായി പേരാവൂര്‍ സഹകരണ ആശുപത്രി വില്‍പ്പന: വിറ്റതില്‍ നടന്‍ ശ്രീനിവാസന്റെ ഭൂമിയും

99 സെന്റാണ് സൊസൈറ്റി ചിറ്റാരിപ്പറമ്പ് സ്വദേശിക്ക് വിറ്റത്

പേരാവൂര്‍ സഹകരണ ആശുപത്രിയുടെ സ്ഥലവും കെട്ടിടവും വിറ്റ സംഭവം വിവാദത്തില്‍. സാമ്പത്തിക ക്രമക്കേടിലൂടെയാണ് വില്‍പ്പന നടന്നതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനെ നീക്കം ചെയ്യേണ്ടിവന്നതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. ആശുപത്രിയ്‌ക്കെന്ന് പറഞ്ഞ് നടന്‍ ശ്രീനിവാസനില്‍ നിന്നും സ്‌നേഹപൂര്‍വം വാങ്ങിയ 33.5 സെന്റ് സ്ഥലവും വിറ്റതില്‍ ഉള്‍പ്പെടുന്നു.

പാര്‍ട്ടി നടത്തിയ ഔദ്യോഗിക അന്വേഷണത്തിന് ശേഷം ആശുപത്രി സൊസൈറ്റി മുന്‍ പ്രസിഡന്റുമാരായ ടി കൃഷ്ണന്‍, കെ പി സുരേഷ് കുമാര്‍, നിലവിലെ പ്രസിഡന്റ് വി ജി പത്മനാഭന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. ജില്ലയിലെ മുതിര്‍ന്ന നേതാവും റെയ്ഡ്‌കോ മുന്‍ ചെയര്‍മാനുമായ ടി കൃഷ്ണനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഒഴിവാക്കുന്നതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ശാരീരിക അവശതകള്‍ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം കത്ത് നല്‍കിയിരുന്നു.

ഇരിട്ടി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവും പേരാവൂര്‍ മുന്‍ ഏരിയ സെക്രട്ടറിയുമായ വി ജി പത്മനാഭന് താക്കീത് നല്‍കും. വില്‍പ്പന സമയത്ത് പ്രസിഡന്റായിരുന്ന കെ പി സുരേഷ് കുമാറിനെ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കും. ഇദ്ദേഹം അടുത്ത ദിവസം രാജിവയ്ക്കും. പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തു നിന്നും നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് സഹകരണ വകുപ്പ് ഉന്നതരുടെ ഒത്താശയോടെയാണ് വില്‍പ്പന നടന്നതെന്നും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ക്രമക്കേട് നടത്തിയതിന് പുറത്താക്കിയ വ്യക്തിയെ കണ്‍സള്‍ട്ടന്റായി നിയോഗിച്ചായിരുന്നു വില്‍പ്പനയെന്നും ആരോപണമുണ്ട്. 99 സെന്റാണ് സൊസൈറ്റി ചിറ്റാരിപ്പറമ്പ് സ്വദേശിക്ക് വിറ്റത്. സൊസൈറ്റി പിന്മാറിയ ശേഷം കണ്ണൂരിലെ സ്വകാര്യ സ്ഥാപനം മൂന്ന് വര്‍ഷം ആശുപത്രി നടത്തിയിരുന്നു. നഴ്‌സുമാര്‍ക്ക് വിദേശ ജോലിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കേസ് വന്നതോടെ ഇവര്‍ ഒഴിവാകുകയും ചെയ്തു. ഇപ്പോള്‍ മറ്റൊരു മാനേജ്‌മെന്റാണ് ആശുപത്രി നിയന്ത്രിക്കുന്നത്. 2010ലാണ് ഈ ആശുപത്രി വില്‍ക്കാന്‍ തീരുമാനിച്ചത്. 2015ല്‍ 4.10 കോടി രൂപയ്ക്ക് ഇടപാട് നടത്തി. എന്നാല്‍ സഹകരണ വകുപ്പിന്റെ അനുമതിയില്ലാത്തതിനെ തുടര്‍ന്ന് ഇത് റദ്ദാക്കുകയും ചെയ്തു. പിന്നീട് വകുപ്പിന്റെ അനുമതിയോടെ ആദ്യം വാങ്ങിയ ആള്‍ തന്നെ പിന്നീട് ഇത് ലേലത്തില്‍ പിടിക്കുകയായിരുന്നു.

കൃഷ്ണനും പത്മനാഭനും സുരേഷ്‌കുമാറും ചേര്‍ന്നാണ് വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയത്. ജില്ലാ കമ്മിറ്റിയുടെ അനുമതിയില്ലാതെയായിരുന്നു ഇത്. സൊസൈറ്റിക്ക് നഷ്ടം വരികയും ആശുപത്രി വിറ്റതിലൂടെ ജനങ്ങള്‍ പാര്‍ട്ടിക്കെതിരെ തിരിയുകയും ചെയ്തത് മൂവരുടെയും ജാഗ്രത കുറവാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രി വിറ്റെങ്കിലും ഈ സൊസൈറ്റി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പേരാവൂരില്‍ വലിയൊരു ഹാളില്‍ വാടകയ്ക്കാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 50 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മാത്രമാണ് സൊസൈറ്റിയുടെ പേരിലുള്ളത്. ആവശ്യപ്പെട്ട അംഗങ്ങള്‍ക്ക് ഓഹരിത്തുക തിരിച്ചുകൊടുത്തെന്നാണ് വിശദീകരണം.

ആശുപത്രി വിറ്റതിന് ശേഷം നടന്ന ഓഡിറ്റില്‍ 37 ലക്ഷം രൂപയുടെ കുറവുണ്ടായതിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്. പിന്നീടുണ്ടായ കണക്കെടുപ്പില്‍ ഇത് പത്ത് ലക്ഷമായി കുറഞ്ഞു. പരസ്യം കണ്ട് ആശുപത്രി വാങ്ങാനെത്തിയ ഒരു കൂട്ടരെ മടക്കിയയ്ക്കാന്‍ ഈ പണം ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍