പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിക്കു കീഴിലാക്കാന്‍ മന്ത്രിയുടെ ആലോചന
പെട്രോള്‍, ഡീസല്‍ വില ദിവസം പ്രതി വില ഉയരുന്നത് തുടരും. എന്നാലും ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്നു പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന് വ്യക്തമാക്കി. കഴിഞഞ മൂന്നുവര്ഷത്തിനിടിയെ പെട്രോളിയം ഉത്പന്നങ്ങളുടെ വില രാജ്യവ്യാപകമായി തന്നെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിഷേധാര്‍ഹമായ വിശദീകരണം വന്നിരിക്കുന്നത്.
നേരത്തെ രണ്ടാഴ്ച കൂടുമ്പോഴായിരുന്നു പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 15 മുതലാണ് പ്രതിദിന വില നിര്‍ണയത്തിന് എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയത്. ജൂലൈ മാസത്തില്‍ ഇതിന്റെ തിക്തഫലം ജനം അനുഭവിച്ചു തുടങ്ങിയിരുന്നു. ആദ്യമൊക്കെ പത്തും പതിനഞ്ചും പൈസ വീതം ആയിരുന്നു കൂട്ടിയിരുന്നതെങ്കിലും രണ്ടുമാസം കൊണ്ട് ഇത്തരത്തില്‍ വര്‍ദ്ധിച്ച് പെട്രോളിന് ഏഴുരൂപവരെ കൂടിയതോടെയാണ് ജനം എണ്ണക്കമ്പനികളുടെ കൊള്ളയെക്കുറിച്ച് പ്രതിഷേധിച്ചു തുടങ്ങിയത്. ഈ പ്രതിഷേധം നിലനില്‍ക്കെയാണ് തങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
എന്നാല്‍ മറ്റൊരു തിരിച്ചടിക്കു കൂടി കേന്ദ്രം ആലോചിക്കുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്നതാണത്. പെട്രോളിയം ഉത്പന്നങ്ങളും മദ്യവും ജിഎസ്ടിക്ക് വിധേയമാക്കില്ലെന്നു സംസ്ഥാനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയാണ് കേന്ദ്രം ജിഎസ്ടി നിയമനിര്‍മാണത്തിന് തുടക്കം ഇട്ടതു തന്നെ. അങ്ങനെയുള്ളപ്പോഴാണ് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിക്കു കീഴിലാക്കണമെന്ന നിര്‍ദേശവുമായി വകുപ്പ് മന്ത്രി വരുന്നത്.