UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അലിന്‍ഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ പത്ത് മാസത്തിന് ശേഷം വാക്ക് മാറ്റി

ആവശ്യം ഉന്നയിച്ച് പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം മുമ്പ് നല്‍കിയ അപ്പീല്‍ പുറത്ത്‌

കുണ്ടറ അലിന്‍ഡ് കമ്പനി പിണറായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നതിന്റെ രേഖകള്‍ പുറത്ത്. പീഡിത വ്യവസായ പുനരുദ്ധാരണ ബോര്‍ഡിന്റെ അപ്പീല്‍ കമ്മിറ്റിക്ക് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അപ്പീല്‍ മനോരമ ന്യൂസ് ആണ് പുറത്തുവിട്ടത്. കമ്പനിയുടെ ആസ്തി വില്‍ക്കുകയാണ് പ്രൊമോട്ടര്‍മാരുടെ ലക്ഷ്യമെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നുണ്ട്.

അതേസമയം പത്ത് മാസങ്ങള്‍ക്ക് ശേഷം അതേ പ്രമോട്ടര്‍മാര്‍ക്ക് വേണ്ടി അലിന്‍ഡ് തുറന്നുകൊടുത്തെന്നാണ് മനോരമ ന്യൂസിന്റെ വാര്‍ത്തയിലെ ആരോപണം. ഒരു വര്‍ഷം മുമ്പ് നല്‍കിയ അപ്പീലിലാണ് കമ്പനി ഏറ്റെടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കമ്പനിയുടെ ഓരോ യൂണിറ്റിനും വ്യവസായ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. സൊമാനി ഗ്രൂപ്പ് പ്രമോട്ടര്‍മാരായി നല്‍കിയ കരട് പുനരുദ്ധാരണ പദ്ധതി ബിഐഎഫ്ആര്‍ അംഗീകരിച്ചതിനെതിരെയാണ് സര്‍ക്കാര്‍ എഐഎഫ്ആറില്‍ അപ്പീല്‍ നല്‍കിയത്.

സമീപകാലത്ത് സര്‍ക്കാരോ ബാങ്കോ നിയോഗിച്ച ഏജന്‍സി കമ്പനിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്നും അത് നടത്താതെ കമ്പനി പണയം വച്ച് പുനരുദ്ധാരണത്തിന് വേണ്ട പണം കണ്ടെത്തുന്നതില്‍ ദുരുദ്ദേശമുണ്ടെന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ ആരോപിക്കുന്നത്. കൂടാതെ കമ്പനിയുടെ പുനരുദ്ധാരണം അനന്തമായി നീട്ടിക്കൊണ്ട് പോകുകയും 1300 കോടിയിലേറെ രൂപയുടെ ആസ്തി വില്‍ക്കുകയുമാണ് പ്രമോട്ടര്‍മാരുടെ ലക്ഷ്യമെന്നും അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നു.

കമ്പനി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാരാണ് പത്ത് മാസം കഴിഞ്ഞപ്പോള്‍ മറിച്ച് പറയുന്നത്. അലിന്‍ഡ് സൊമാനി ഗ്രൂപ്പിന് കൈമാറാനുള്ള പുതിയ തീരുമാനത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതിന് ഏറ്റവും നല്ല തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍