UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മറ്റ് വകുപ്പുകളിലെ വിവാദ നിയമനങ്ങളുടെ പേരില്‍ ജലീല്‍ സിപിഎമ്മിനെ വിരട്ടുകയാണ്: പി കെ ഫിറോസ്

ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ പുറത്തുവിടുമെന്നും ഫിറോസ്

സിപിഎമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് തനിക്കെതിരായ ബന്ധുനിയമന കേസില്‍ മന്ത്രി കെ ടി ജലീല്‍ നടപടിയില്‍ നിന്നും രക്ഷപ്പെട്ട് നില്‍ക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മറ്റ് വകുപ്പുകളിലെ വിവാദ നിയമനങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജലീല്‍ സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും തന്റെ പക്ഷത്ത് നിര്‍ത്തിയിരിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.

ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ പുറത്തുവിടുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ ബന്ധുവായ കെ ടി അദീബിനെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറാകാത്തത് ഈ ഭീഷണി മൂലമാണെന്നാണ് ഫിറോസ് പറയുന്നത്. കഴിഞ്ഞ നവംബര്‍ 3ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയതാണ്. 23ന് ഡയറക്ടര്‍ ഈ പരാതി സര്‍ക്കാരിനും കൈമാറി. എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി.

കോടതിയില്‍ പോകുമെന്നുള്ള ഭയംകൊണ്ട് മനഃപൂര്‍വം കാലതാമസം വരുത്തുകയാണ്. വിജിലന്‍സ് അന്വേഷണം ആരംഭിച്ചാല്‍ മന്ത്രിക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാലാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ഫിറോസ് ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിറോസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍