ഇവിടെ വച്ചായതുകൊണ്ട് അടിക്കുന്നില്ല. എന്റെ നാട്ടില്‍ വച്ചായിരുന്നെങ്കില്‍ പട്ടിയെ അടിക്കുന്നത് പോലെ അടിച്ചിട്ടുണ്ടാകുമെന്നും പറഞ്ഞ ശേഷമാണ് പോകാന്‍ അനുവദിച്ചത്
അമിത വേഗതയില്‍ പോയ ലോറി ഡ്രൈവറെ ശാസിക്കുന്ന പി കെ ശശി എംഎല്‍എയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അതേസമയം സംഭവം വിവാദമായതോടെ തന്റെ തെറ്റ് തിരുത്താന്‍ എംഎല്‍എ ഉപദേശിച്ചതാണെന്ന് വ്യക്തമാക്കി ലോറി ഡ്രൈവറും രംഗത്തെത്തി. തെറ്റ് പറ്റിയത് തനിക്കാണെന്നും ഇയാള്‍ പറയുന്നുണ്ട്.
അമിത വേഗത്തില്‍ വന്ന ടിപ്പര്‍ എംഎല്‍എയുടെ കാറിനെ അപകടകരമായ രീതിയില്‍ മറികടന്നതാണ് സംഭവങ്ങളുടെ തുടക്കം. ചെര്‍പ്പുളശേരി അടയ്ക്കാപ്പുത്തൂര്‍ മാങ്കോട് മില്‍മാ ബൂത്തിന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. ദൃക്‌സാക്ഷിയായ ഒരാള്‍ മൊബൈല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുന്നില്‍ കയറി നിന്ന് ലോറി നിര്‍ത്തിച്ച എംഎല്‍എ അടിച്ച് കണ്ണ് പൊട്ടിക്കുമെന്ന് പറയുന്നതിനൊപ്പം ഡ്രൈവിംഗ് എന്ന് പറഞ്ഞാല്‍ അത് ആദ്യം പഠിക്കണമെന്നും ആവശ്യപ്പെടുന്നു. സൈഡ് മിറര്‍ പൊട്ടിയതുകൊണ്ട് ഡ്രൈവര്‍ വിശദീകരിക്കുമ്പോള്‍ എന്നാല്‍ അത് മാറ്റിവയ്ക്കണമെന്നും ശശി പറയുന്നു. അല്ലാതെ പോക്രിത്തരം കാണിക്കരുത്. ഇവിടെ വച്ചായതുകൊണ്ട് അടിക്കുന്നില്ല. എന്റെ നാട്ടില്‍ വച്ചായിരുന്നെങ്കില്‍ പട്ടിയെ അടിക്കുന്നത് പോലെ അടിച്ചിട്ടുണ്ടാകുമെന്നും പറഞ്ഞ ശേഷമാണ് പോകാന്‍ അനുവദിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ചെര്‍പ്പുളശേരിയില്‍ വച്ച് ഒരു പോലീസുകാരനോട് എംഎല്‍എ ശകാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഒരു രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് സിപിഎം നേതാക്കളെ മാത്രം വേട്ടയാടുന്നുവെന്ന് ആരോപിച്ചായിരുന്നു എംഎല്‍എയുടെ നീക്കം. പി കെ ശശിയുടെ ഇത്തരം ഭാഷയും സംസാരവുമെല്ലാം അന്നും ചര്‍ച്ചയായിരുന്നു.
ഡിവൈഎഫ്‌ഐ നേതാവായ യുവതി നല്‍കിയ ലൈംഗിക പരാതിയ്ക്ക് ശേഷം ഇത്തരം വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ശശി. എന്നാല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയതോടെ എംഎല്‍എ തന്റെ പഴയ രീതികളിലേക്ക് തന്നെ തിരിച്ചുപോയെന്നാണ് വീഡിയോ പ്രചരിക്കുന്നവര്‍ ആരോപിക്കുന്നത്. വീഡിയോ പ്രചരിച്ചതോടെയാണ് ലോറി ഡ്രൈവര്‍ ഇക്ബാല്‍ തെറ്റ് തന്റേതാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.