UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുരുഗ്രാം റയാന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

പ്രദ്യുമാന്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെടുമ്പോള്‍ ഇപ്പോള്‍ അറസ്റ്റിലായ കുട്ടിയും ബാത്ത്‌റൂമില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്

ഹരിയാന ഗുരുഗ്രാം റയാന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ സിബിഐ സംഘം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ തുടക്കത്തില്‍ സ്‌കൂള്‍ ബസിന്റെ കണ്ടക്ടറും പിന്നീട് സ്‌കൂള്‍ ഉടമകളും അറസ്റ്റിലായ കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നക്ക്. കൊലക്കുറ്റം ചുമത്തിയാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത് എന്നാണ് അറിയുന്നത്.

സെപ്തംബര്‍ എട്ടിനാണ് സ്‌കൂളിലെ ബാത്ത്‌റൂമില്‍ കഴുത്തറുത്ത നിലയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഏറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കുട്ടി പ്രകൃതി വിരുദ്ധ ലൈംഗികാക്രമത്തിന് ഇരയായതായും കണ്ടെത്തി. തൊട്ടടുത്ത ദിവസം തന്നെ ബസ് കണ്ടക്ടര്‍ അറസ്റ്റിലായി. സുരക്ഷ മാനദംണ്ഡങ്ങള്‍ ലംഘിച്ച കുറ്റത്തിനാണ് സ്‌കൂള്‍ ഉടമസ്ഥര്‍ അറസ്റ്റിലായത്.

റയാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റയാന്‍ പിന്റോ, ഇദ്ദേഹത്തിന്റെ മാതാപിതാക്കളും സ്‌കൂള്‍ സ്ഥാപകരുമായ അഗസ്റ്റിന്‍ പിന്റോ ഗ്രേസ് പിന്റോ എന്നിവരാണ് അറസ്റ്റിലായത്. പിന്നീട് സുപ്രിംകോടതി ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ഈ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ഹരിയാന, പഞ്ചാബ് ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് നാടകീയമായി കേസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റിലായിരിക്കുന്നത്.

ഈ വിദ്യാര്‍ത്ഥിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കുമെന്നാണ് സിബിഐ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പ്രദ്യുമാന്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെടുമ്പോള്‍ ഇപ്പോള്‍ അറസ്റ്റിലായ കുട്ടിയും ബാത്ത്‌റൂമില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. കൂടാതെ കൊല്ലപ്പെട്ട കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് ഈ കുട്ടിയാണെന്നും സിബിഐ സംശയിക്കുന്നു. അതേസമയം ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല.

കണ്ടക്ടറായ അശോക് കുമാര്‍ നേരത്തെ തന്നെ കുറ്റം സമ്മതിച്ചെങ്കിലും ഇത് ആരുടെയോ സമ്മര്‍ദ്ദം മൂലമാണെന്ന് അന്വേഷണസംഘം സംശയിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് ഇയാള്‍ പിന്നീട് കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തു. അതേസമയം പ്രദ്യുമാന്റെ മാതാപിതാക്കളും ഈ കേസില്‍ മറ്റാരുടെയോ ഇടപെടലുണ്ടായിട്ടുള്ളതായി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഹരിയാന പോലീസിന്റെ അന്വേഷണത്തില്‍ അവര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടര്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍