UPDATES

ഇന്ത്യയുടെ തലകുനിയാന്‍ ഞാന്‍ അനുവദിക്കില്ല: ഇന്ത്യന്‍ വ്യോമാക്രമണത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം

രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും പ്രധാനമന്ത്രി

ഇന്ത്യ ആര്‍ക്ക് മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. രാജ്യത്തെ ശിഥിലമാക്കാന്‍ ഒരു ശക്തികളെയും അനുവദിക്കില്ലെന്നും മോദി പറഞ്ഞു.

‘ഞാന്‍ ഈ മണ്ണില് നിന്ന് പ്രതിജ്ഞയെടുക്കുന്നു. രാജ്യത്തെ മരിക്കാന്‍ ഞാന്‍ അനുവദിക്കില്ല, രാജ്യത്തെ തടയാന്‍ ഞാന്‍ അനുവദിക്കില്ല, രാജ്യത്തെ തല കുനിക്കാന്‍ ഞാന്‍ അനുവദിക്കില്ല, ഇത് ഭാരത മാതാവിനുള്ള എന്റെ ഉറപ്പാണ്. നിങ്ങളുടെ വിശ്വാസം ഞാന്‍ കാക്കും’- എന്നാണ് മോദി പറഞ്ഞത്.

പാകിസ്ഥാനിലെ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. രാജസ്ഥാനിലെ ചുരുവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത്. ഇന്ത്യ തിരിച്ചടിച്ചെന്ന് ഉറപ്പിച്ചെങ്കിലും ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഇനിയൊരു പ്രത്യാക്രമണം കൂടിയുണ്ടായാല്‍ എന്തെല്ലാം തയ്യാറെടുപ്പുകളാണ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.

പുല്‍വാമ ആക്രമണത്തിന് ശേഷം രാജ്യത്ത് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്താനുള്ള പരിശീലനം നടന്നിരുന്ന മൂന്ന് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയാണ് വ്യോമസേനയുടെ ആക്രമണമുണ്ടായത്. ആക്രമണ ത്തില്‍ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരനും ബാലകോട്ട് ക്യാമ്പിന്റെ മേധാവിയുമായ യൂസഫ് അസര്‍ കൊല്ലപ്പെട്ടു. 1999ല്‍ എയര്‍ ഇന്ത്യയുടെ ഐസി-814 വിമാനം റാഞ്ചിയത് ഇയാളായിരുന്നു. 12 മിറാഷ് 2000 വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ആയിരം കിലോ ബോംബുകളാണ് ബാലകോട്ടിലെയും മുസഫറാബാദിലെയും ചകോട്ടി എന്നിവിടങ്ങളിലായി ഇന്ത്യന്‍ വ്യോമസേന വര്‍ഷിച്ചത്.

ഇന്ത്യയുടേത് സൈനിക നീക്കമല്ലെന്നും ഭീകരാക്രമണം തടയാനുള്ള കരുതല്‍ നീക്കമാണെന്നുമാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞത്. തിരിച്ചടിക്കുമെന്നാണ് പാകിസ്ഥാന്‍ പറഞ്ഞിരിക്കുന്നത്. തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നാണ് പാക് വിദേശകാര്യ മന്ത്രി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍