UPDATES

വായന/സംസ്കാരം

മോദി സര്‍ക്കാരില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ തയ്യാറല്ല: കവി ഇങ്ക്വിലാബിന്റെ കുടുംബം

കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന തമിഴ് കവിയായിരുന്നു ഇങ്ക്വിലാബ്

കവി ഇങ്ക്വിലാബിന് മരണാനന്തര ബഹുമതിയായി ലഭിച്ച കേന്ദ്ര സാഹിത്യ അവാര്‍ഡ് കവി ഇങ്ക്വിലാബിന്റെ കുടുംബം നിരസിച്ചു. വര്‍ഗീയതയ്ക്കും ജാതിയതയ്ക്കും എതിരെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു ഇങ്ക്വിലാബിന്റെ മുഖ്യവിമര്‍ശനം. അതിനാല്‍ ഈ സര്‍ക്കാരില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.

ഇക്കാര്യം വ്യക്തമാക്കി അക്കാദമിക്ക് കത്തയച്ചിട്ടുണ്ടെന്ന് ഇങ്ക്വിലാബിന്റെ മകള്‍ ഡോ. ആമിന അറിയിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന തമിഴ് കവിയായിരുന്നു മക്കള്‍ പവലര്‍ ഇങ്ക്വിലാബ്. നിരവധി നോവലുകളും കവിതകളും ചെറുകഥകളും സാഹിത്യ നിരൂപണങ്ങളും ലേഖനങ്ങളും എഴുതിയിട്ടുള്ള ഇങ്ക്വിലാബ് കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. ജീവിച്ചിരുന്ന കാലത്ത് ഒരു അവാര്‍ഡുകളും സ്വീകരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സര്‍ക്കാരുകളുടെ മുഖംമൂടി മാത്രമേ മാറുന്നുള്ളൂവെന്നും സ്വഭാവം മാറുന്നില്ലെന്നും അദ്ദേഹം പറയുമായിരുന്നുവെന്നും ആമിന പറഞ്ഞു.

രാജ്യത്ത് അക്രമങ്ങളും അടിച്ചമര്‍ത്തലുകളുമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ അവാര്‍ഡ് സ്വീകരിച്ചാല്‍ ഇതേക്കുറിച്ച് വേവലാതിപ്പെടുകയും നിരന്തരം എഴുതുകയും ചെയ്യുന്ന ഇങ്ക്വിലാബിനോടുള്ള നെറികേടായിരിക്കുമെന്നും ആമിന അക്കാദമിയ്ക്ക് അയച്ച കത്തില്‍ പറയന്നു.

താന്‍ എഴുതുന്നത് ചോദ്യം ചെയ്യലുകളും കുറ്റപ്പെടുത്തലുകളുമാണെന്നും അവയൊന്നും പുരസ്‌കാരങ്ങളോ അംഗീകാരമോ ആഗ്രഹിച്ചല്ലെന്നും ഇങ്ക്വിലാബ് മുമ്പ് എഴുതിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍