UPDATES

ഒ ടി പി നമ്പര്‍ പറഞ്ഞുകൊടുത്ത് കുസാറ്റ് മുന്‍ വിസിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം: അന്വേഷണം കേരളത്തിന് പുറത്തേക്ക്

ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ ഡോ. ജെ ലത ഒടിപി നമ്പര്‍ പറഞ്ഞുകൊടുക്കുകയായിരുന്നു

നെറ്റ് ബാങ്കിംഗ് തട്ടിപ്പിലൂടെ ജെയിന്‍ സര്‍വകലാശാല പിവിസിയും കുസാറ്റ് മുന്‍ വിസിയുമായ ഡോ. ജെ ലതയ്ക്ക് രണ്ട് ലക്ഷത്തോളം രൂപ നഷ്ടമായ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ലതയ്ക്ക് അക്കൗണ്ടുള്ള കുസാറ്റ് ബ്രാഞ്ചില്‍ നിന്നാണ് പണം തട്ടിയെടുത്തത്. നഷ്ടമായ പണം ബ്ലോക്ക് ചെയ്ത് വീണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി എസ്‌ഐ അമൃതരംഗന്‍ അഴിമുഖം പ്രതിനിധിയെ അറിയിച്ചു.

കേരളത്തിന് പുറത്തുനിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അന്വേഷണത്തിനായി രണ്ട് ദിവസമായി താന്‍ യാത്രയിലായിരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് എസ്‌ഐ പറഞ്ഞത്. ഈമാസം 13നാണ് തട്ടിപ്പ് നടന്നത്. വെള്ളിയാഴ്ച രാവിലെ ഡോ. ലതയുടെ മൊബൈലില്‍ വാട്‌സ്ആപ്പ് സന്ദേശവും തുടര്‍ന്ന് കോളും വന്നു. ബാങ്കില്‍ നിന്നും ആര്‍ബിഐയുടെ നിര്‍ദ്ദേശപ്രകാരമാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. താങ്കളുടെ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ആയി എന്നും പുതിയ ചിപ്പ് വച്ച കാര്‍ഡ് നല്‍കുന്നതിനാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് രണ്ട് തവണ ഒടിപി നമ്പര്‍ വരുമെന്നും ഇത് പറഞ്ഞുതരണമെന്നുമാണ് പറഞ്ഞത്. ഇത് വിശ്വസിച്ച ഡോ. ലത മൊബൈലില്‍ വന്ന ഒടിപി നമ്പര്‍ വാട്‌സ്ആപ്പ് കോള്‍ വിളിച്ച നമ്പറില്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു.

അതിനുശേഷം അക്കൗണ്ടില്‍ നിന്നും രണ്ട് തവണകളായി പണം പിന്‍വലിച്ചെന്ന് മെസേജും വന്നു. അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് വഴി രണ്ട് തവണകളായി 1,92,499 പിന്‍വലിച്ചതായാണ് സന്ദേശം എത്തിയത്. വാട്‌സ്ആപ്പ് സന്ദേശം എത്തിയ നമ്പറില്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിവിസി എസ്ബിഐ കുസാറ്റ് ബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്.

ഉടന്‍ തന്നെ സിറ്റി പോലീസ് കമ്മിഷണറുമായി ബന്ധപ്പെട്ടു. കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം കളമശേരി പോലീസില്‍ പരാതി നല്‍കി. ഡോ. ജെ ലതയുടെ പരാതിയില്‍ ഐടി ആക്ട് 66 പ്രകാരം കേസെടുക്കുകയും ചെയ്തു. പണം വീണ്ടെടുത്തെങ്കിലും പ്രതികളിലേക്ക് എത്തിച്ചേരുന്നതേയുള്ളൂവെന്ന് അമൃതരംഗന്‍ അറിയിച്ചു. എസ്പി പൂങ്കുഴലിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

also read:മുത്തൂറ്റ് ബാങ്കിനുള്ളില്‍ ജീവനക്കാരെയും ഇടപാടുകാരെയും മൂവര്‍ സംഘം പൂട്ടിയിട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍