UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവാവിന് ആളുമാറി പോലീസിന്റെ ക്രൂരമര്‍ദ്ദനം: പരാതിപ്പെട്ടാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണി

കേസില്‍ പ്രതിയല്ലാത്ത യുവാവിനെ മുടിയ്ക്ക് തൂക്കിപ്പിടിച്ച് മര്‍ദ്ദിച്ചത് രോഗികളായ മാതാപിതാക്കളുടെ മുന്നില്‍ വച്ച്‌

വരാപ്പുഴയില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ കടയ്ക്കാവൂരിലും ആളുമാറി പോലീസ് മര്‍ദ്ദനം. വ്യാഴാഴ്ച പുലര്‍ച്ചെ വീട് ചവിട്ടിത്തുറന്ന് കയറിയ പോലീസ് വക്കം പുതുവല്‍ വടക്കുംഭാഗം വീട്ടില്‍ അജി(49)യെയാണ് ആളുമാറി മര്‍ദ്ദിച്ചത്.

താന്‍ ഒരു കേസിലും പ്രതിയല്ലെന്ന് പറഞ്ഞ ഇയാളെ രോഗികളായ മാതാപിതാക്കളുടെ മുന്നിലിട്ടാണ് മര്‍ദ്ദിച്ചത്. മുടിയ്ക്ക് തൂക്കിപ്പിടിച്ച് അസഭ്യവര്‍ഷത്തോടെയായിരുന്നു മര്‍ദ്ദനം. ഒടുവില്‍ പാസ്‌പോര്‍ട്ട് കാണിച്ചതോടെ ആളുമാറിയെന്ന് മനസിലായ പോലീസ് സ്ഥലത്തു നിന്നും തന്ത്രപൂര്‍വം തലയൂരുകയായിരുന്നു. വക്കത്ത് വാറന്റ് കേസില്‍ പ്രതിയായ അജിയെ തിരക്കിയ ഇറങ്ങിയ കടയ്ക്കാവൂര്‍ എസ്‌ഐയും സംഘവുമാണ് യുവാവിനെ ആളുമാറി മര്‍ദ്ദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ വടക്കുംഭാഗം വീട്ടിലെത്തിയ പോലീസ് സംഘം വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഒരു കേസിലും പ്രതിയല്ലെന്നും വാറന്റു പ്രതിയല്ലെന്ന് അറിയിച്ചെങ്കിലും പോലീസ് സമ്മതിച്ചില്ല.

തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്ന് അകത്തു കയറിയ പോലീസ് സംഘം അജിയെ ജീപ്പിലേക്ക് വലിച്ചിഴച്ചു. രോഗികളായ മാതാപിതാക്കള്‍ മകനെ കൊണ്ടുപോകരുതെന്ന് യാചിച്ചെങ്കിലും പോലീസ് കുലുങ്ങിയില്ല. താന്‍ വിദേശത്തു നിന്നും അവധിക്ക് വന്നതാണെന്ന് പാസ്‌പോര്‍ട്ട് കാണിച്ച് ബോധ്യപ്പെടുത്തി. സംഭവം കൈവിട്ടു പോയെന്ന് മനസിലായതോടെ പോലീസ് തന്ത്രപൂര്‍വം സ്ഥലം വിടുകയും ചെയ്തു.

എന്നാല്‍ രാവിലെ പത്ത് മണിയോടെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച തന്നെ പരാതികൊടുത്താല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് കടയ്ക്കാവൂര്‍ എസ്‌ഐ ഭീഷണിപ്പെടുത്തിയതായി അജി ഉന്നത പോലീസ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അജി പൂര്‍ണമായും കിടപ്പു രോഗിയായ പിതാവിനെയും ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെയും ചികിത്സിക്കാനായി മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്കും യുവാവ് പരാതി നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍