UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന് പ്രത്യേക സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: പോലീസ് നോട്ടീസ് അയച്ചു

വിരമിച്ച സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന ഈ സുരക്ഷ ഏജന്‍സിയ്ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള അധികാരമുണ്ട്

യുവനടിയെ ആക്രമിച്ച കേസില്‍ കര്‍ശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച സംഭവത്തില്‍ വിശദീകരണം തേടി പോലീസ് നോട്ടീസ് അയച്ചു. സ്വകാര്യ സുരക്ഷ സേനയുടെ വിശദാംശങ്ങളാണ് പോലീസിന്റെ നോട്ടീസില്‍ ചോദിച്ചിരിക്കുന്നത്.

കൂടാതെ ദിലീപിന് ഒപ്പമുള്ളവരുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. സുരക്ഷ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം,. ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ലൈസന്‍സ് ഹാജരാക്കണം, ഏജന്‍സിയ്ക്ക് നല്‍കിയിരിക്കുന്ന കരാറിന്റെ പകര്‍പ്പ് കൈമാറണം എന്നിങ്ങനെയാണ് നോട്ടീസിലെ ആവശ്യങ്ങള്‍. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഈ രേഖകളെല്ലാം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിന്റെ ഉദ്യോഗസ്ഥരാണ് ദിലീപിന് സുരക്ഷ ഉറപ്പാക്കാന്‍ എത്തിയിരിക്കുന്നത്. മൂന്നുപേര്‍ എപ്പോഴും ദിലീപിന് ഒപ്പമുണ്ടായിരിക്കും. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്. വിരമിച്ച സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന ഈ സുരക്ഷ ഏജന്‍സിയ്ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള അധികാരമുണ്ട്. ദിലീപിനെ ആരെങ്കിലും ആക്രമിക്കുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കുകയും അവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമാണ് ഇവരുടെ ചുമതല.

ഇതിനിടെ തണ്ടര്‍ ഫോഴ്‌സിന്റെ ഒരു വാഹനം കഴിഞ്ഞ ദിവസം കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചിയില്‍ വച്ച് ഇതേ വാഹനം തടഞ്ഞപ്പോള്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതാണ് കാരണം. മലേഷ്യയില്‍ നിന്നുള്ള സ്പീക്കറുടെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നാണ് പറഞ്ഞത്. എന്നാല്‍ മലേഷ്യയില്‍ നിന്നും അങ്ങനെയൊരു സ്പീക്കര്‍ വന്നിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ മലേഷ്യയില്‍ നിന്നുള്ള സ്പീക്കര്‍ അനൗദ്യോഗികമായി കേരളത്തില്‍ വന്നിട്ടുണ്ടെന്നും സ്വകാര്യ സുരക്ഷ മതിയെന്ന് പറഞ്ഞതായും ഏജന്‍സി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതോടെ വാഹനം വിട്ടയയ്ക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍