UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യേശുവിന്റെ മാതാപിതാക്കളായിരുന്ന മേരിയും ജോസഫും അഭയാര്‍ത്ഥികളായിരുന്നു: മാര്‍പ്പാപ്പ

അഭയാര്‍ത്ഥികളുടെ യാതന കണ്ടില്ലെന്ന് നടിക്കരുതെന്ന് മാര്‍പ്പാപ്പയുടെ ക്രിസ്മസ് പ്രസംഗം

ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ യാതന കണ്ടില്ലെന്ന് നടിക്കരുതെന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളോട് മാര്‍പ്പാപ്പയുടെ ആഹ്വാനം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തില്‍ നടന്ന ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം.

യേശുവിന്റെ മാതാപിതാക്കളായ ജോസഫിന്റെയും മേരിയുടേയും യാത്ര അഭയാര്‍ത്ഥമായിരുന്നു. ആ യാത്രാവഴിയില്‍ ഇന്ന് ഒട്ടേറെ പേരുടെ പാദമുദ്രകള്‍ മറഞ്ഞിരിക്കുന്നു. അത്തരത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കപ്പെടുന്നത്. തങ്ങളുടെ പ്രീയപ്പെട്ടവരെയും അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വരുന്നു. യേശു ക്രിസ്തുവന്റെ ജനനത്തിന് സാക്ഷ്യം വഹിച്ച ആട്ടിടയന്മാര്‍ പോലും സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരായിരുന്നു. അവരെയും മോശക്കാരായ വിദേശികളായിട്ടാണ് ചിത്രീകരിച്ചത്.

തങ്ങളുടെ അധികാരം അടിച്ചേല്‍പ്പിക്കാനും സ്വത്ത് വര്‍ധിപ്പിക്കാനും ശ്രമിക്കുന്ന നേതാക്കള്‍ക്ക് സാധാരണക്കാരുടെ രക്തം ചിന്തുന്നതില്‍ യാതൊരു വിഷമവുമില്ല. ഈ സാഹചര്യത്തില്‍ അഭയാര്‍ത്ഥികളുടെ യാതന കണ്ടില്ലെന്ന് നടിക്കരുതെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്ത് പണം വാങ്ങി മനുഷ്യക്കടത്ത് നടത്തുന്നവരെയും മാര്‍പ്പാപ്പ വിമര്‍ശിച്ചു. ഇത്തരക്കാരുടെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്നത് വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മെഡിറ്ററേനിയന്‍ സമുദ്രം കടന്ന് യൂറോപ്പിലേക്കുള്ള പലായനത്തില്‍ 14,000 പേരാണ് കൊല്ലപ്പെട്ടത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വെസ്റ്റ്ബാങ്കില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മാര്‍പ്പാപ്പ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി സംസാരിച്ചിരിക്കുന്നത്. ഡിസംബര്‍ ആറിന് ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ക്രിസ്തുവിന്റെ ജന്മസ്ഥലമായ വെസ്റ്റ്ബാങ്കിലെ ബത്‌ലഹേമിലും സംഘര്‍ഷം ശക്തമായിരുന്നു.

സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ബാല്‍ക്കണിയില്‍ നിന്ന് മാര്‍പ്പാപ്പ നടത്തുന്ന പരമ്പരാഗത ഉര്‍ബി എത് ഉര്‍ബി പ്രസംഗം ഇന്ന് നടക്കും. ബത്‌ലഹേമിലും ഇസ്രയേല്‍ പട്ടണമായ നസ്രേത്തിലും പാതിരാ കുര്‍ബാനയില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍