UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയില്‍ ചില നായ്ക്കള്‍ മരിക്കുമ്പോള്‍ മോദി പ്രതികരിക്കുന്നതെന്തിനാണ്? ഗൗരി ലങ്കേഷ് വധത്തെക്കുറിച്ച് മുത്തലിക്

ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചിട്ടില്ലെന്നും കര്‍ണാടകയിലെ എല്ലാ മരണങ്ങള്‍ക്കും മോദി മറുപടി പറയേണ്ടതില്ലെന്നാണ് പറഞ്ഞതെന്നും മുത്തലിക് പിന്നീട് വിശദീകരിച്ചു

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക്. ബംഗളൂരുവിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് ഗൗരിയെ മുത്തലിക് നായയോട് ഉപമിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലും രണ്ട് വീതം കൊലപാതകങ്ങള്‍ നടന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ഇക്കാര്യത്തില്‍ ആരും കുറ്റപ്പെടുത്തുന്നില്ല. എല്ലാവര്‍ക്കും അറിയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നാണ്. മോദി ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നാണ് പലരുടെയും ആവശ്യം. എന്നാല്‍ കര്‍ണാടകയില്‍ ചില നായ്ക്കള്‍ മരിക്കുമ്പോള്‍ മോദി എന്തിനാണ് പ്രതികരിക്കുന്നത്? മുത്തലിക് ചോദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മുത്തലിക് പിന്നീട് ഈ വാക്കുകള്‍ തിരുത്തി. താന്‍ ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ചിട്ടില്ലെന്നും കര്‍ണാടകയിലെ എല്ലാ മരണങ്ങള്‍ക്കും മോദി മറുപടി പറയേണ്ടതില്ലെന്നാണ് പറഞ്ഞതെന്നും മുത്തലിക് പിന്നീട് വിശദീകരിച്ചു. ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തെന്ന് സംശയിക്കുന്ന ശ്രീരാമസേന പ്രവര്‍ത്തകന്‍ പരശുറാം വാഗ്മറിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി പ്രവീണിന്റെ മൊഴി അനുസരിച്ചാണ് പരശുറാമിന്റെ അറസ്റ്റ്. പ്രവീണ്‍, പരശുറാം, ഹിന്ദു യുവസേന സ്ഥാപകന്‍ കെ ടി നവീന്‍ കുമാര്‍, അമോല്‍ കാലെ, അമിത് ദേഗ്വേക്കര്‍, മനോഹര്‍ ഇവ്‌ഡെ എന്നിങ്ങനെ ആറ് പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍