UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രസവവേദനയൊന്നും പ്രശ്‌നമല്ല, ആധാര്‍ ഇല്ലെങ്കില്‍ ചികിത്സയില്ല

ആധാര്‍ കാര്‍ഡ് കാണിക്കാത്തതിന്റെ പേരില്‍ ഗര്‍ഭണിയെ പരിശോധന നടത്താന്‍ വിസമ്മതിച്ചു

പ്രസവവേദനയേക്കാളൊക്കെ വലുതാണ് ആധാര്‍ കാര്‍ഡ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹരിയാനയിലെ ഗുര്‍ഗോന്‍ സര്‍ക്കാര്‍ ആശുപത്രിയിലുള്ളവര്‍. ആധാറില്ലെങ്കില്‍ ചികിത്സയുമില്ലെന്ന നിലപാടില്‍ അശുപത്രിയധികൃതര്‍ നിന്നതോടെ 25 കാരിക്ക് എമര്‍ജന്‍സി വാര്‍ഡിന്റെ പുറത്ത് പ്രസവിക്കേണ്ടിയും വന്നു. ഭാഗ്യത്തിന് അമ്മയ്ക്കും കുഞ്ഞിനും ആപത്തൊന്നും വന്നില്ലെന്നു മാത്രം.

ഗുര്‍ഗോനിലെ ഷീട്‌ല കോളനിയില്‍ ജീവിക്കുന്ന ദിവസക്കൂലിക്കാരനായ ബബ്ലുവിന്റെ ഭാര്യയാണ് മുന്നി. രണ്ടാമത്തെ പ്രസവമായിരുന്നു മുന്നിയുടേത്. ഒമ്പത് മാസമായിരുന്നു. കടുത്ത വേദന ഉണ്ടായതിനെ തുടര്‍ന്നാണ് ബബ്ലു മുന്നിയേയും കൊണ്ട് ആശുപത്രിയില്‍ എത്തിയത്. ഗര്‍ഭണിയെ പരിശോധിച്ച ഡോക്ടര്‍ ഉടന്‍ തന്നെ അള്‍ട്രസൗണ്ട് ടെസ്റ്റ് നടത്തി റിസള്‍ട്ടുമായി വരാന്‍ പറഞ്ഞു. അന്നേവരെ യാതൊരുവിധ പരിശോധനയും നടത്തിയിരുന്നില്ല. ആശുപത്രിയില്‍ തന്നെ ടെസ്റ്റ് നടത്താനുള്ള സംവിധാനമുണ്ട്. ഇതിനായി മുന്നിയെ പരിശോധന സ്ഥലത്തേക്ക് കൊണ്ടു പോയി. പരിശോധന നടത്തുന്നതിനു മുമ്പ് മുന്നിയോട് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആധാര്‍ പകര്‍പ്പ് അവരുടെ കൈവശം ഇല്ലായിരുന്നു. ആധാര്‍ നമ്പര്‍ അറിയാമെന്നും അത് മതിയാകുമോ എന്നു മുന്നിയുടെ ബന്ധുക്കള്‍ ചോദിച്ചെങ്കിലും ആശുപത്രിക്കാര്‍ സമ്മതിച്ചില്ല. മുന്നിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇപ്പോള്‍ കൈവശം ഉണ്ടെന്നും അതു മതിയാകില്ലേ എന്നു ചോദിച്ചപ്പോഴും, പോരാ. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് തന്നെ വേണം. അതില്ലെന്ന കാരണത്താല്‍ മുന്നിക്കവര്‍ അള്‍ട്രസൗണ്ട് പരിശോധന നിഷേധിക്കുകയും ചെയ്തു. പ്രസവവേദന കൊണ്ട് മുന്നി അലറിക്കരഞ്ഞിട്ടുപോലും ആശുപത്രിയിലുള്ളവര്‍ക്ക് ദയ തോന്നിയില്ലെന്നു ബബ്ലു ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നു. മുന്നിയുടെ അവസ്ഥ കണ്ട് ആശുപത്രിയിലുണ്ടായിരുന്നവര്‍ അധികൃതരോട് ശബ്ദം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ എമര്‍ജന്‍സി വാര്‍ഡിന്റെ പുറത്ത് മുന്നി ഒരാണ്‍കുട്ടിക്ക് ജന്മം നല്‍കി.

തങ്ങളോട് കാണിച്ച അനീതിയില്‍ ആര്‍ക്കെങ്കിലുമെതിരേ പരാതി നല്‍കാന്‍ മുന്നിയും ബബ്ലുവും താത്പര്യപ്പെട്ടില്ലെങ്കിലും സംഭവം ഗുരുതരമാണെന്നു മനസിലാക്കി ഗുര്‍ഗോന്‍ മെഡിക്കല്‍ ഓഫിസര്‍ ആശുപത്രിയിലെ ഡോക്ടറെയും സ്റ്റാഫ് നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍