UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആസിഫയുടെ മരണം: രാജ്യത്തിനാകെ അപമാനമെന്ന് രാഷ്ട്രപതി

ജമ്മു കാശ്മീരിലെ ബിജെപി മന്ത്രിമാര്‍ എല്ലാവരും രാജിവച്ചു

കത്വ കൂട്ടബലാത്സംഗ കേസ് രാജ്യത്തിനാകെ അപമാനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു. അതേസമയം കത്വ, ഉന്നാവ പീഡനക്കേസുകളില്‍ പ്രതികരിക്കാന്‍ വൈകിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്തെത്തി.

കത്വ കൂട്ടബലാത്സംഗക്കേസില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാഷ്ട്രപതി ആദ്യമായി പ്രതികരിച്ചത്. ഈ അടുത്തകാലത്ത് ഒരു നിഷ്‌കളങ്കയായ ഒരു നിഷ്‌കളങ്കയായ പെണ്‍കുട്ടി കടുത്ത ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടു. സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. കാശ്മീരിലെ ശ്രീവൈഷ്ണവ ദേവി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

താന്‍ സംസാരിക്കുന്നില്ലെന്നായിരുന്നു മോദിയുടെ വിമര്‍ശനമെന്ന് മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. ആ വിമര്‍ശനം സ്വന്തം കാര്യത്തില്‍ മോദി പ്രാവര്‍ത്തികമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ വൈകുന്നത് കുറ്റവാളികള്‍ മുതലെടുക്കും. കത്വ സംഭവം ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമായിരുന്നെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.

ഇതിനിടെ സംസ്ഥാനത്തെ ബിജെപി മന്ത്രിമാര്‍ എല്ലാവരും രാജിവച്ചു. പുതിയ മന്ത്രിമാരുടെ പ്രഖ്യാപനം ഉടനുണ്ടാകും. കേന്ദ്രനേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ രാജിവച്ചത്. കത്വയില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാക്കള്‍ കേസിന്റെ നടത്തിപ്പിനുള്ള നിയമ, സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍