ഇന്ന് രാവിലെ 6.30ഓടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പൂനെ പോലീസ് സംഘം സര്‍ച്ച് വാറന്റൊന്നുമില്ലാതെയാണ് റെയ്ഡ് നടത്തിയതെന്നും ജെന്നി റൊവേന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഹാനി ബാബുവിന്റെ വീട്ടില്‍ പൂനെ പോലീസ് അതിക്രമിച്ച് കയറിയതായി ആരോപണം. 2018ലെ ഭിമ കൊറെഗോവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് പോലീസ് വീട്ടില്‍ അതിക്രമിച്ച് കയറുകയും നോയ്ഡയിലെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തതെന്നാണ് ഹാനിയുടെ ഭാര്യയും ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപികയുമായ ജെന്നി റൊവേന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഇന്ന് രാവിലെ 6.30ഓടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പൂനെ പോലീസ് സംഘം സര്‍ച്ച് വാറന്റൊന്നുമില്ലാതെയാണ് റെയ്ഡ് നടത്തിയതെന്നും ഇവരുടെ പോസ്റ്റില്‍ പറയുന്നു. ആറ് മണിക്കൂറോളം തിരച്ചില്‍ നടത്തിയ പോലീസ് സംഘം വീട്ടില്‍ നിന്നും മൂന്ന് പുസ്തകങ്ങളും ലാപ്‌ടോപ്പും ഫോണും ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് എന്നിവയും എടുത്തുകൊണ്ട് പോയതായും ജെന്നിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഡെല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകനാണ് ഹാനി. നിരവധി പേരാണ് ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം 2017ലെ എല്‍ഗാര്‍ പരിഷത് കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ ഹാനി ബാബുവിന്റെ നോയ്ഡയില്‍ വീട്ടില്‍ റെയ്ഡ് നടത്തിയതായി പൂനെ അസിസ്റ്റന്റ് കമ്മിഷണര്‍ ശിവജി പവാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ചരിത്രപ്രസിദ്ധമായ കൊറിഗോവന്‍ ഭീമ പോരാട്ടത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് 2017 ഡിസംബര്‍ 31ന് എല്‍ഗാര്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക നയങ്ങളിലെ പിന്തിരിപ്പന്‍ ആശയങ്ങളില്‍ എതിര്‍പ്പുള്ള ഒട്ടനവധി പേര്‍ ഈ കോണ്‍ക്ലേവില്‍ പങ്കെടുത്തു. ഇതില്‍ മുന്‍ജഡ്ജിമാരും രാഷ്ട്രീയപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെടുന്നു. കോണ്‍ക്ലേവിലെ പ്രസംഗങ്ങള്‍ കൊറെഗാവന്‍ ഭീമ ഗ്രാമത്തില്‍ പിറ്റേന്ന് വര്‍ഗ്ഗീയകലാപം ഇളക്കിവിട്ടുവെന്നും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നുമാണ് കേസ്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഗ്രാമത്തിലെ ദളിത് വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നെന്നാണ് എല്‍ഗാര്‍ പരിഷത് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കേസില്‍ ഒമ്പത് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.