UPDATES

ട്രെന്‍ഡിങ്ങ്

ഏറ്റുമാനൂരപ്പനെ ‘വീണ്ടെടുത്ത് കൊടുത്ത’ രമണിക്ക് ദേവസ്വം ബോര്‍ഡിന്റെ വക വീട്; ഓണത്തിന് താക്കോല്‍ദാനം

അക്കാലത്ത് തന്നെ രമണിക്ക് ദേവസ്വം ബോര്‍ഡ് ഒട്ടേറെ സഹായങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നല്‍കിയില്ല

ഏറ്റുമാനൂര്‍ വിഗ്രഹമോഷക്കേസ് തെളിയാന്‍ കാരണക്കാരിയായ രമണിക്ക് ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ച് നല്‍കിയ വീട് ഓണത്തിന് കൈമാറും. ദേവസ്വം ബോര്‍ഡിന്റെ ശരണാശ്രയം പദ്ധതിയുമായി സഹകരിച്ച് അയ്യപ്പഭക്തരായ ഉണ്ണികൃഷ്ണന്‍ പോറ്റി, അനില്‍, രമേശ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വീടിന്റെ നിര്‍മാണ ചെലവ് നിര്‍വഹിച്ചത്. ഫെബ്രുവരി 21ന് തുടക്കമിട്ട നിര്‍മ്മാണം ആഴ്ചകള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്.

1981 മെയ് 23നാണ് ഏറ്റുമാനൂര്‍ അമ്പലത്തിലെ വിഗ്രഹക്കവര്‍ച്ച നടന്നത്. രമണി പാറശാലയിലെ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ പരീക്ഷ എഴുതാനുപയോഗിച്ച പേപ്പറാണ് കേസില്‍ നിര്‍ണായകമായത്. സമീപത്തെ ഇരുമ്പ് കടയില്‍ തൂക്കിവിറ്റ പേപ്പറിലായിരുന്നു മോഷ്ടാവ് ക്ഷേത്രം കുത്തിത്തുറക്കാന്‍ ഉപയോഗിച്ച പാര പൊതിഞ്ഞുകൊണ്ട് വന്നത്. പേപ്പറില്‍ സ്‌കൂള്‍ വിലാസം ഉണ്ടായിരുന്നതിനാല്‍ സ്‌കൂള്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചു. പാറശാലയിലെ സ്‌കൂളിന്റെ പേരെഴുതിയ പേപ്പര്‍ ഏറ്റുമാനൂരില്‍ നിന്നും കണ്ടെത്തിയതാണ് പോലീസിന്റെ അന്വേഷണം ആ വഴിക്ക് നീങ്ങാന്‍ കാരണമായത്. ഇരുമ്പ് കടയുമായി ബന്ധപ്പെട്ടപ്പോള്‍ പാര വാങ്ങിയ കടയും പോലീസ് കണ്ടെത്തി. അതോടെ മോഷ്ടാവായ ധനുവച്ചപുരം സ്വദേശി സ്റ്റീഫനെ തിരിച്ചറിഞ്ഞു. ഇയാള്‍ വീടിന് സമീപത്തെ വെറ്റിലക്കൊടിയില്‍ കുഴിച്ചിട്ടിരുന്ന വിഗ്രഹവും പോലീസ് കണ്ടെത്തി.

ഏഴുപേരുടെ കാവലുള്ളപ്പോഴാണ് ക്ഷേത്രത്തിന്റെ രണ്ട് കൂറ്റന്‍ മതില്‍ക്കെട്ടുകള്‍ കമ്പിപ്പാര കടിച്ചുപിടിച്ച് ചാടിക്കടന്ന സ്റ്റീഫന്‍ എന്ന 23 വയസ്സുകാരന്‍ വാതിലുകള്‍ കുത്തിത്തുറന്ന് വിഗ്രഹം കവര്‍ന്നത്. വെള്ളിപ്പീഠത്തില്‍ സ്വര്‍ണ ആണികള്‍ ഇട്ടുറപ്പിച്ച നാല് കിലോ 540 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ വിഗ്രഹം, പീഠം, സ്വര്‍ണ അങ്കിയ്ക്ക് ചുറ്റുമുള്ള സ്വര്‍ണപ്രഭ, ലക്ഷ്മീ രൂപത്തിന്റെ കൈയിലെ താമരമൊട്ട് എന്നിവയെല്ലാം കവര്‍ന്നു. കമ്പിപ്പാര ക്ഷേത്രത്തിലെ കിണറ്റിലാണ് സ്റ്റീഫന്‍ ഉപേക്ഷിച്ചത്. എന്നാല്‍ അത് പൊതിയാനുപയോഗിച്ച പേപ്പര്‍ പൊങ്ങിക്കിടന്നു. അത് രമണി പരീക്ഷ എഴുതിയ പേപ്പറായിരുന്നു. അതില്‍ രമണി എഴുതിയ ‘എ ലെറ്റര്‍ ടു ദി ക്ലാസ് ടീച്ചര്‍’ എന്ന രചനാപാഠവും അവരുടെ വിലാസവും മായാതെ കിടന്നിരുന്നു. അങ്ങനെ അന്വേഷണ സംഘം രമണിയുടെ വീട്ടിലെത്തി. വീട്ടിലേക്ക് മണ്ണെണ്ണ വാങ്ങാനാണ് രമണി പഴയ കടലാസുകള്‍ തൂക്കി വിറ്റത്. അതോടെ അന്വേഷണസംഘം ഇരുമ്പ് കടയിലേക്കും ആ ഇരുമ്പ് കടയില്‍ നിന്നും പാര വാങ്ങിയ സ്റ്റീഫനിലേക്കും എത്തിച്ചേര്‍ന്നു.

അക്കാലത്ത് തന്നെ രമണിക്ക് ദേവസ്വം ബോര്‍ഡ് ഒട്ടേറെ സഹായങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നല്‍കിയില്ല. പിന്നീട് രമണിയെ വെള്ളറട കിളിയൂര്‍ സ്വദേശി ശശി വിവാഹം ചെയ്തു. സ്വന്തം എണ്ണയാട്ട് മില്ലില്‍ നിന്നുള്ള വരുമാനമാണ് ഈ കുടുംബത്തിനുള്ളത്. കുറച്ചുകാലം മുമ്പ് ശശി മരിച്ചതോടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായി. അടുത്തകാലത്ത് മനോരമ ഓണ്‍ലൈന്‍ രമണിയുടെ ദുരിത ജീവിതത്തെക്കുറിച്ച് വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ ഏറ്റുമാനൂര്‍ ക്ഷേത്ര കമ്മിറ്റിയുടെയും ദേവസ്വം ബോര്‍ഡിന്റെയും ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നു. അതോടെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും കെ പി ശങ്കരദാസും രമണിയുടെ വീട്ടിലെത്തി സഹായം ഉറപ്പുനല്‍കുകയായിരുന്നു.

വീടും ജോലിയുമായിരുന്നു വാഗ്ദാനം. പണം മുടക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും തയ്യാറായതോടെ വീടിന്റെ നിര്‍മ്മാണവും ആരംഭിച്ചു. 680 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടിന്റെ താക്കോല്‍ ഒന്നാം ഓണത്തിന്റെ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് കൈമാറും.

also read:39 ലക്ഷം ചിലവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് അറ്റകുറ്റപ്പണി, പ്രളയ ദുരിതത്തിനിടെ ധൂർത്തെന്ന് ആരോപണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍